Skip to main content
ക്ഷേത്രകല അക്കാദമി അവാര്‍ഡ് വിതരണം ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.

ക്ഷേത്രകലാ അക്കാദമിക്ക് ആസ്ഥാനം നിർമ്മിക്കും:  മന്ത്രി കടകംപള്ളി സുരേന്ദ്രൻ 

 

ക്ഷേത്രകലാ അക്കാദമിക്ക് ആസ്ഥാനം നിർമ്മിച്ച് കൂടുതൽ ക്ഷേത്രകലകൾ അഭ്യസിക്കുന്നതിന് സൗകര്യവുമൊരുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ക്ഷേത്രകലാ അക്കാദമിയുടെ ദ്വിതീയ സംസ്ഥാന അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി പ്രവർത്തനം വിപുലീകരിക്കണം. കൂടുതൽ വിദ്യാർത്ഥികൾക്ക് ക്ഷേത്രകലകൾ അഭ്യസിക്കാൻ കഴിയണം. ക്ഷേത്രകലാ അക്കാദമിക്ക് പുതുജീവൻ നൽകുക, ക്ഷേത്ര കലകൾക്ക് പ്രാധാന്യം നൽകി പുതിയ തലമുറയെ ഈ രംഗത്തേക്ക് കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. പുതിയ തലമുറയെ ക്ഷേത്രകലകളോട് ആഭിമുഖ്യമുള്ളവരാക്കി മാറ്റാൻ അക്കാദമിക്ക് സാധിച്ചിട്ടുണ്ട്. അടുത്ത വർഷമാകുമ്പോഴേക്കും വിമുലമായ പ്രവർത്തന പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനമായി ക്ഷേത്രകല അക്കാദമിയെ മാറ്റുന്നതിനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. 

ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്വമാണ്. കോടിക്കണക്കിന് രൂപയാണ് ക്ഷേത്രങ്ങളിലെത്തുന്ന ഭക്തരുടെ ആവശ്യങ്ങൾക്ക് വേണ്ടി സർക്കാർ ചെലവഴിക്കുന്നത്. ശബരിമലയിൽ പ്രഖ്യാപിച്ച വികസന പ്രവർത്തനങ്ങൾ സർക്കാർ തന്നെ നേരിട്ട് നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട നിർമ്മാണ കമ്പനികളെ ഇതിന്റെ ചുമതല ഏൽപ്പിക്കും. 14 ക്ഷേത്രങ്ങളിൽ 10 കോടി രൂപ വീതം ചെലവഴിച്ച് ഒരുക്കുന്ന ശബരിമല ഇടത്താവള പദ്ധതി ഈ വർഷം പൂർത്തിയാക്കും. 10 കോടി രൂപയാണ് പൊങ്കാലയ്‌ക്കെത്തിയ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് സർക്കാർ ചെലവഴിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ക്ഷേത്രകലാശ്രീ അവാർഡ് കലാമണ്ഡലം ഗോപിക്കും ക്ഷേത്രകലാ ഫെലോഷിപ്പ് ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രനും സമ്മാനിച്ചു. സന്തോഷ് ഉദയവർമ്മൻ (ദാരു ശിൽപം), പടിഞ്ഞാറ്റയിൽ രമേശൻ (ലോഹശിൽപം), ശങ്കരൻ ശിൽപി കുന്നരു (ശിലാശിൽപം), ബിജു പാണപ്പുഴ (ചുമർ ചിത്രം), ശങ്കരൻ എമ്പ്രാന്തിരി, നീലേശ്വരം (തിടമ്പുനൃത്തം), കരിയിൽ സതീശൻ നമ്പ്യാർ (കളമെഴുത്ത്), സദനം കെ രാമൻകുട്ടി നായർ, തൃശ്ശൂർ (കഥകളി), കലാമണ്ഡലം പ്രഭാകരൻ, എറണാകുളം (തുള്ളൽ), തൃപ്പൂണിത്തുറ കൃഷ്ണദാസ് (ക്ഷേത്രവാദ്യം), ഗോപിനാഥ് ആയിരംതെങ്ങ് (ക്ഷേത്ര വൈജ്ഞാനിക സാഹിത്യം), പുളിയാമ്പള്ളി ശങ്കരമാരാർ (സോപാന സംഗീതം), മാണി നീലകണ്ഠചാക്യാർ ഇരിങ്ങാലക്കുട (ചാക്യാർകൂത്ത്), പി കെ ഹരീഷ് നമ്പ്യാർ, ലക്കിടി (കൂടിയാട്ടം),  പി ആർ ശിവകുമാർ, ഗുരുവായൂർ (കൃഷ്ണനാട്ടം), ശ്രീരാജ് കിള്ളിക്കുറിശ്ശിമംഗലം, പാലക്കാട് (പാഠകം), കലാമണ്ഡലം വാണിവാസുദേവൻ ആലുവ (നങ്ങ്യാർകൂത്ത്), രതീഷ് കുമാർ പല്ലവി (ശാസ്ത്രീയ സംഗീതം), പി സരസ്വതി, പയ്യന്നൂർ (അക്ഷരശ്ലോകം) എന്നിവർക്കുള്ള ക്ഷേത്രകലാ അവാർഡും മന്ത്രി വിതരണം ചെയ്തു. 

ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ അക്കാദമി ഭരണസമിതി അംഗം ടി വി രാജേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അസ്സൻകുഞ്ഞി (ചെറുകുന്ന്), കെ വി രാമകൃഷ്ണൻ (കണ്ണപുരം), അക്കാദമി ചെയർമാൻ ഡോ. കെ എച്ച് സുബ്രഹ്മണ്യൻ, സെക്രട്ടറി കൃഷ്ണൻ നടുവലത്ത് തുടങ്ങിയവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.

 

date