മലബാർ റിവർ ക്രൂയിസ് പദ്ധതിയെ ഏറ്റവും മികച്ചതാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
വിനോദ സഞ്ചാരികളെ ഉത്തരമലബാറിലേക്ക് ആകർഷിക്കുന്ന ഏറ്റവും വലിയ വിനോദസഞ്ചാര വികസന പദ്ധതിയായി മലനാട് - മലബാർ റിവർ ക്രൂയിസ് പദ്ധതിയെ മാറ്റുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മംഗലശ്ശേരി ബോട്ട് റേസ് പവലിയന്റെയും, പഴയങ്ങാടി റിവർവ്യൂ പാർക്കിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ജലയാത്ര വിനോദ സഞ്ചാര പദ്ധതിയാണ് മലനാട് - മലബാർ റിവർ ക്രൂയിസ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
ബോട്ട് സഞ്ചാരം മാത്രമല്ല, മലബാറിന്റെ സവിശേഷമായ സാംസ്‌കാരികം, രുചി വിഭവങ്ങൾ, കല, കരകൗശല ഉൽപന്നങ്ങൾ തുടങ്ങിയവ സഞ്ചാരികൾക്ക് പരിചയപ്പെടുത്താനും ക്ഷേത്ര കലകളെ കണ്ടറിയാനും വിപുലമായ പദ്ധതിയാണ് 325 കോടി ചെലവ് പ്രതീക്ഷിക്കുന്ന മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതി. അതിന്റെ ആദ്യഘട്ടത്തെ പ്രവൃത്തി ഉദ്ഘാടനം നടന്നു. ബോട്ട് ജെട്ടികളുടേയും അനുബന്ധ പ്രവൃത്തികളുടേയും നിർമ്മാണം നടന്നു വരികയാണ്. ഈ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് പദ്ധതി പൂർത്തീകരിക്കാനുള്ള ആത്മാർഥമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇത് പൂർത്തിയാകുന്നതോട് കൂടി വിനോദ സഞ്ചാര മേഖലയിൽ വലിയ കുതിപ്പുണ്ടാകും. ചെറുതും വലുതുമായ സാമ്പത്തിക വളർച്ചയ്ക്ക് ഇത് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വികസനത്തെ സംബന്ധിച്ച് വലിയ സാധ്യതയാണ് കണ്ണൂർ വിമാനത്താവളം തുറന്നിട്ടിട്ടുള്ളത്. വിദേശ സഞ്ചാരികൾ കണ്ണൂരിലെത്താത്തതിന് പലപ്പോഴും കാരണം യാത്രാ സൗകര്യം ഇല്ലാത്തതാണ്. വിമാനത്താവളം ആരംഭിച്ചതോടെ ഇതിന് പരിഹാരം കാണാനായി. പുതിയ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമ്പോൾ അത് നമ്മുടെ നാട്ടിൻ പുറങ്ങളിലെ സാധാരണക്കാർക്ക് പ്രയോജനപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന് അധിഷ്ഠിതമായ ടൂറിസം നയമാണ് സർക്കാർ അംഗീകരിച്ചിട്ടുള്ളത്. നാട്ടിൻ പുറത്തെ ചെറുകിട കച്ചവടക്കാർ, കൃഷിക്കാർ, കരകൗശല ഉൽപന്നങ്ങൾ ഉണ്ടാക്കുന്നവർ, തെയ്യം കലാകാരൻമാർ, തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ടൂറിസത്തിന്റെ ഗുണഫലങ്ങൾ ലഭിക്കണം എന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത, പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനക്കീൽ ചന്ദ്രൻ, ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡി വിമല, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മലബാർ ജലോത്സവം ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.
- Log in to post comments