കെയര്‍ഹോം പദ്ധതിയുടെ താക്കോല്‍ദാനം സംസ്ഥാന-ജില്ലാതല ഉദ്ഘാടനങ്ങള്‍ 26ന്
കേരള സര്‍ക്കാര്‍ സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ഹോം പദ്ധതിയിലൂടെ സംസ്ഥാനത്ത് പൂര്‍ത്തിയായ 200 വീടുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവനില്‍ തത്സമയ സംപ്രേഷണം വഴി 26ന് മൂന്ന് മണിക്ക് നിര്‍വഹിക്കും. ഇടുക്കി ജില്ലാതല ഉദ്ഘാടനം അന്നേ ദിവസം 2.30ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ വൈദ്യുതിമന്ത്രി എം.എം മണി നിര്‍വഹിക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷതയും അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യപ്രഭാഷണവും നടത്തും. എം.എല്‍.എ മാരായ പി.ജെ. ജോസഫ്, ഇ.എസ്. ബിജിമോള്‍, എസ്. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.വി വര്‍ഗ്ഗീസ് എന്നിവര്‍ താക്കോല്‍ദാനം നടത്തും.
ഇടുക്കി ജില്ലയില്‍ പദ്ധതിപ്രകാരം 212 വീടുകളാണ് നിര്‍മ്മിച്ച് നല്‍കുന്നത്. ഇതില്‍ പൂര്‍ത്തിയായ ഏഴ് വീടുകളുടെ താക്കോല്‍ദാനമാണ് ചൊവ്വാഴ്ച നടക്കുന്നത്. 2000 വീടുകളാണ് ഒന്നാംഘട്ടത്തില്‍ സംസ്ഥാനത്തുടനീളം നിര്‍മ്മിച്ച് നല്‍കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments