അഴീക്കല്‍ തുറമുഖം വഴിയുള്ള ചരക്കു നീക്കം പുനരാരംഭിച്ചു
അഴീക്കല്‍ തുറമുഖം വഴിയുള്ള ചരക്കു നീക്കം പുനരാരംഭിച്ചുകൊണ്ട് കൊച്ചിയില്‍ നിന്നും കണ്ടയിനറുകളുമായി കപ്പലെത്തി. ടൈല്‍സ്, കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ ധാന്യങ്ങള്‍ എന്നിവയുടെ കണ്ടയിനറുകളുമായി ഗ്രേറ്റ് സീ വേമ്പനാട് എന്ന കപ്പലാണ് ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് എത്തിയത്. കപ്പലിന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേത്യത്വത്തില്‍ സ്വീകരണം നല്‍കി. ചരക്കു നീക്കം മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. അഴീക്കല്‍ തുറമുഖ വികസനത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 513 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു.
അഴീക്കലില്‍ ആധുനിക നിലവാരത്തിലുള്ള അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാക്കുന്നതിന് കണ്‍സള്‍ട്ടന്റായി ചുമതലപ്പെടുത്തിയ ഹോവെ എഞ്ചിനീയറിംഗ് പ്രോജക്റ്റ് ലിമിറ്റഡ് ഈ വര്‍ഷം ഡിപിആര്‍ സമര്‍പ്പിക്കും. രണ്ടായിരം കോടി രൂപ മുതല്‍മുടക്കുള്ള ആധുനിക തുറമുഖ നിര്‍മ്മാണം രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ കനത്ത കാലവര്‍ഷത്തില്‍ കപ്പല്‍ ചാനല്‍ ചെളിയടിഞ്ഞ് അടഞ്ഞു പോയതിനാല്‍ ഈ വര്‍ഷത്തെ കപ്പല്‍ സീസണില്‍ അഴീക്കല്‍ തുറമുഖത്തേക്ക് കപ്പലുകളൊന്നും തന്നെ എത്തിയിരുന്നില്ല. തുറമുഖ വകുപ്പിന്റെ നേത്യത്വത്തില്‍ കേരള സ്റ്റേറ്റ് മാരിടൈം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേന ഡ്രഡ്ജിംഗ് നടത്തി ചാനല്‍ ഗതാഗത യോഗ്യമാക്കിയതോടെയാണ് വീണ്ടും ചരുക്കുനീക്കം പുനരാരംഭിക്കാനായത്.
കേരള സര്‍ക്കാരിന്റെ തീരദേശ കപ്പല്‍ ഗതാഗത പദ്ധതിയില്‍ ഉള്‍പ്പെട്ട അഴീക്കല്‍ തുറമുഖം വഴിയുള്ള ചരക്കു നീക്കം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലായി കൊച്ചിയില്‍ നിന്നും ഇനി കപ്പലുകളെത്തും. കൂടാതെ മംഗലാപുരത്തു നിന്നും ബേപ്പൂര്‍ തുറമുഖത്തു നിന്നും അഴീക്കലിലേക്കുള്ള ചരക്കു നീക്കത്തിനും, ലക്ഷ ദ്വീപും അഴീക്കലും തമ്മില്‍ പുരാതന കാലം മുതല്‍ നിലനിന്നിരുന്ന വ്യാപാര ബന്ധം പുനസ്ഥാപിക്കുന്നതിനും നടപടികളാരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായതിനു പിന്നാലെ അഴീക്കല്‍ തുറമുഖം വഴിയുള്ള കപ്പല്‍ ഗതാഗതവും ആരംഭിച്ചത് ഉത്തര മലബാറിന്റെ വ്യാവസായീക വാണിജ്യ മേഖലകളിലും, കുടക്, വയനാട് ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയിലും പുത്തനുണര്‍വ്വ് പകരും. കാപ്പിയും കുരുമുളകുമുള്‍പ്പെടെയുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ വര്‍ദ്ധിച്ച കയറ്റുമതിക്ക് അഴീക്കല്‍ തുറമുഖത്തെ ചരക്കു നീക്കം കാരണമാകും.
ചടങ്ങില്‍ തുറമുഖ ഡയറക്ടര്‍ വര്‍ഗ്ഗീസ് പണിക്കര്‍, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, കോഴിക്കോട് തുറമുഖ ഓഫീസര്‍ കേപ്റ്റന്‍ അശ്വിനി പ്രതാപ്, കെഎസ്എംഡിസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ കെ ആര്‍ വിനോതു, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കണ്ണൂര്‍ മണ്ഡലം വികസന സമിതി ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം സുധീര്‍ കുമാര്‍, സിഎസ്ഡിഒ ഉണ്ണിക്യഷ്ണന്‍ കര്‍ത്ത, തുറമുഖ സൂപ്പര്‍വൈസര്‍ ഇ ടി നമീത്, ചീഫ് സിഗ്‌നലര്‍ കെ പി സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments