Skip to main content

അന്തരീക്ഷ മലിനീകരണം കുറക്കുന്ന വാഹനങ്ങള്‍ വ്യാപിപ്പിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

 

അന്തരീക്ഷ മലിനീകരണം പരമാവധി കുറക്കുന്ന വാഹനങ്ങളാകണം ഇനി കേരളത്തില്‍ ഓടേണ്ടതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. അതുകൊണ്ടാണ് ഒരു ഇലക്ട്രിക്കല്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് നയം ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും തിരുവനന്തപുരം, കൊച്ചി സിറ്റികളില്‍ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ പോകുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പറശ്ശിനിക്കടവില്‍ പുതിയ ബോട്ട് സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. 

വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടു കൊണ്ട് നവീകരണത്തിന്റെ പാതയില്‍ മുന്നോട്ട് പോവുകയാണ്. കുട്ടനാട്ടില്‍ സീ കുട്ടനാട് എന്ന ടൂറിസ്റ്റ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ചരക്ക് ഗതാഗത മേഖലയിലും കോര്‍പ്പറേഷന്‍ കടന്നു വരണമെന്നുണ്ട്. കോവളം മുതല്‍ കോട്ടപ്പുറം വരെയുള്ള ഭാഗത്തും മലബാറിലും  സുഗമമായ ഒരു ജലപാതയ്ക്ക് വേണ്ടിയുള്ള തീവ്ര ശ്രമത്തിലാണ്. 

ആദ്യത്തെ സോളാര്‍ ബോട്ട് കേരളത്തില്‍ നടപ്പിലാക്കിയത് ഈ സര്‍ക്കാരാണ്. രണ്ടാമത്തേതിന്റെ നിര്‍മ്മാണം പുരോഗമിച്ചു വരികയാണ്. രണ്ടരക്കോടിയോളം രൂപ ചെലവ് വരുന്നതാണിത്. ഇനി കരയിലും കായലിലും  മള്‍ട്ടി പര്‍പ്പസ് ബോട്ടുകളാണ് ഉണ്ടാക്കാന്‍ പോകുന്നത്. ബോട്ട് സര്‍വീസ് വിജയകരമായാല്‍ ടൂറിസ്റ്റ് ടാക്‌സി പോലെ പറശ്ശിനിക്കടവില്‍ വാട്ടര്‍ ടാക്‌സി നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും അഞ്ചെണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ ജെയിംസ് മാത്യു എം എല്‍ എ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി എം പി മുഖ്യാതിഥിയായി. ടി വി രാജേഷ് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി കെ ശ്യാമള ടീച്ചര്‍, സംസ്ഥാന ജലഗതാഗത വകുപ്പ് ഡയരക്ടര്‍ ഷാജി വി നായര്‍, കൗണ്‍സിലര്‍ കെ രാജേഷ്  തുടങ്ങിയവര്‍ സംസാരിച്ചു.  

 

 

date