Skip to main content

വെങ്ങപ്പള്ളി ഇനി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത്

 

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിനെ  സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി എം നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ പി ജെ വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, വൈസ് പ്രസിഡന്റ് കെ കെ ഹനീഫ, വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോണി, സ്ഥിരംസമിതി അംഗങ്ങളായ കെ വി രാജന്‍, ഒ ബി വസന്ത, പഞ്ചായത്ത് അംഗം പി ഉസ്മാന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് ഇസഹാഖ് അലി, കോഴിക്കോട് ഫുഡ് സേഫ്റ്റി ഓഫിസര്‍ കെ വിനോദ് കുമാര്‍, ഫുഡ് സേഫ്റ്റി ഓഫിസര്‍ എം കെ രേഷ്മ എന്നിവര്‍ സംസാരിച്ചു. 

ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് പ്രഖ്യാപനത്തോടനുബന്ധിച്ച് കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ലഘുലേഖകളുടെ  വിതരണം, പഞ്ചായത്തിലെ പൊതുവിതരണ കുടിവെള്ള സ്രോതസ്സുകളിലെ സാംപിള്‍ പരിശോധന,പ്രത്യേക ക്യാമ്പുകള്‍ നടത്തി പഞ്ചായത്തിലെ മുഴുവന്‍ ഫുഡ് ബിസിനസ് ഓപറേറ്റര്‍മാര്‍ക്കും ലൈസന്‍സ് ലഭ്യമാക്കല്‍ എന്നിവയും നടത്തി. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തുടര്‍പരിശോധനയും ബോധവല്‍ക്കരണ ക്ലാസും വരും ദിനങ്ങളിലും നടക്കുമെന്നു അസിസ്റ്റന്റ് ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ പി ജെ വര്‍ഗീസ് അറിയിച്ചു. 

വെങ്ങപ്പള്ളിയെ കൂടാതെ തവിഞ്ഞാല്‍, നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്തുകള്‍ കൂടി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്തുകളാവും. ഇന്ന് (ഫെബ്രുവരി 26) ഉച്ചയ്ക്ക് രണ്ടിനു തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഒ ആര്‍ കേളു എംഎല്‍എ പ്രഖ്യാപനം നടത്തും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. നൂല്‍പ്പുഴ പഞ്ചായത്ത് ഹാളില്‍ നാളെ (ഫെബ്രുവരി 27) രാവിലെ 11ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പ്രഖ്യാപനം നടത്തും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍ കുമാര്‍ അധ്യക്ഷത വഹിക്കും. ഫുഡ് സേഫ്റ്റി ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ പി ജെ വര്‍ഗീസ് പദ്ധതി വിശദീകരിക്കും. 

 

date