Skip to main content

നവോത്ഥാനവും കാവ്യജീവിതവും പ്രദര്‍ശിപ്പിച്ച് 'അതിജീവനം'

 

ക്ഷേത്രപ്രവേശന വിളംബരത്തിന്റെയും വൈലോപ്പിള്ളി, കടമ്മനിട്ട എന്നീ വിഖ്യാത കവികളുടെ കാവ്യജീവിതത്തിന്റെയും നേര്‍ക്കാഴ്ചയായി അതിജീവനം ഡോക്യമെന്ററി ഫെസ്റ്റ്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കടപ്പുറത്ത് പ്രത്യേകം ഒരുക്കിയ വേദിയില്‍ സംഘടിപ്പിച്ച ഡോക്യുമെന്ററി ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഡോ.വിനോദ് മങ്കര സംവിധാനം ചെയ്ത ക്ഷേത്രപ്രവേശന വിളംബരം -സമര വിജയവീഥികള്‍, ആര്‍.ജയരാജ് സംവിധാനം ചെയ്ത കടമ്മന്‍-പ്രകൃതിയുടെ പടയണിക്കാരന്‍, ടി.ആര്‍.പ്രിയനനന്ദന്‍ സംവിധാനം ചെയ്ത വൈലോപ്പിള്ളി ഒരു കാവ്യജീവിതം എന്നിവ പ്രദര്‍ശിപ്പിച്ചു.

കേരള സമൂഹത്തില്‍ രൂപപ്പെട്ടുവന്ന നവോത്ഥാന ആശയങ്ങള്‍ മുന്നോട്ടുവച്ച സമരങ്ങളുടെ നേരറിവുകളാണ് സിനിമാ സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍  എന്നീ നിലകളില്‍ പ്രശസ്തനായ ഡോ.വിനോദ് മങ്കരയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ക്ഷേത്രപ്രവേശന വിളംബരം -സമരവിജയവീഥികള്‍ എന്ന ഡോക്യമെന്ററി. കേരളത്തിലെ നവോത്ഥാന നായകന്‍മാരെ അടുത്തറിയാനും ഈ ഡോക്യമെന്ററി ഉപകാരപ്രദമാകും.

പച്ച മനുഷ്യന്റെ ജീവിത ഗന്ധവും യാഥാര്‍ഥ്യവും പേറുന്ന കവിതകളിലൂടെ ശ്രദ്ധേയനായ കവി കടമ്മനിട്ടയുടെ കവിതകളിലെ കലയും ജീവിതവും കണ്ടെത്തുകയാണ്  പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവും ആയ ആര്‍.ജയരാജ് അണിയിച്ചൊരുക്കിയ കടമ്മന്‍-പ്രകൃതിയുടെ പടയണിക്കാരന്‍ എന്ന ഡോക്യുമെന്ററി. അനുഷ്ഠാനകലയായ പടയണിയിലെ കഥാപാത്രങ്ങളെ സമകാലിക സംവാദരൂപങ്ങളുമായി കൂട്ടിയിണക്കിയുള്ള കടമ്മനിട്ടയുടെ ആഖ്യാനരീതി അനുവാചകര്‍ക്ക് ഹൃദ്യമാകുന്ന രീതിയിലാണ്  ഡോക്യുമെന്ററി തയാറാക്കിയിട്ടുള്ളത്.

കാച്ചിക്കുറുക്കിയ കവിതകളിലൂടെ മലയാളത്തില്‍ വേറിട്ട വഴി തുറന്ന വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിത, ജീവിതം, കാലം എന്നിവ അന്വേഷിക്കുകയാണ് വൈലോപ്പിള്ളി എന്ന ഡോക്യുമെന്ററി. പ്രശസ്ത ചലച്ചിത്ര നാടക സംവിധായകനായ ടി.ആര്‍.പ്രിയനന്ദനന്‍ ആണ് സംവിധാനം നിര്‍വഹിച്ചത്.  ബീച്ചിലെ വേദിയില്‍ 26ന് പി പത്മരാജന്‍ മലയാളത്തിന്റെ ഗന്ധര്‍വന്‍, രാഗം മണിരംഗ്, അഴീക്കോട് മാഷ്, 27ന് പൊന്‍കുന്നം വര്‍ക്കി, എന്‍ പി മുഹമ്മദ്, ദേവനായകന്‍ എന്നീ ഡോക്യമെന്ററികളും പ്രദര്‍ശിപ്പിക്കും. 

 

 

 

date