Skip to main content

വട്ടംകുളത്തെ കോഴി വിശേഷവുമായി മൃഗസംരക്ഷണ വകുപ്പ്

വട്ടംകുളം പഞ്ചായത്തില്‍  കോഴി വളര്‍ത്തലുമായി   ബന്ധപ്പെട്ട്  വിജയകരമായി നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് അറിവ് പകരുകയാണ് മൃഗ സംരക്ഷണ വകുപ്പ്. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിലാണ്  മൃഗസംരക്ഷണ വകുപ്പ് 'വട്ടംകുളം മാതൃക' കാണിച്ച് സ്റ്റാളൊരുക്കിയിരിക്കുന്നത്.
സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക്  പച്ചക്കറി കൃഷിയെപ്പോലെ ഉപയോഗപ്പെടുത്താവുന്നതാണ് 'മട്ടുപ്പാവിലെ മുട്ടക്കോഴി വളര്‍ത്തല്‍'. പൊതുവെ മടിയന്‍മാരായ ബി.വി 380 ഇനത്തില്‍പ്പെടുന്ന കോഴികളാണ് ഇതിന് അനുയോജ്യം. 45 ദിവസം പ്രായമുള്ളവയ്ക്ക് 180 രൂപയാണ് വില. ദിവസം  100 ഗ്രാം  മാത്രം തീറ്റ വേണ്ടുന്ന ഇവ മൂന്നര മാസം കൊണ്ട് നല്ല തൂക്കം വെക്കുകയും വര്‍ഷത്തില്‍ 300 വരെ മുട്ടകള്‍ കിട്ടുകയും  ചെയ്യും. 4 രൂപയാണ് മുട്ടയുടെ  മാര്‍ക്കറ്റ് വില.
'അടുക്കളമുറ്റത്തെ ബ്രോയിലര്‍ കൃഷി'ക്ക് കോബ് ഇനത്തില്‍പ്പെട്ടവയാണ് അനുയോജ്യം. 5 ദിവസം മുതല്‍ 69 ദിവസം വരെ പ്രായമുള്ള കോഴികളെ അവിടുത്തെ കുടുംബശ്രീ യൂനിറ്റാണ് നല്‍കുന്നത്. തൂക്കമെത്തിയ കോഴികളെ അവര്‍ തന്നെ വില നല്‍കി തിരിച്ചെടുക്കും. ഇവയെ വട്ടംകുളത്തെ  സേഫ് ചിക്കനിലേക്കാണ് നല്‍കുന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ 10 രൂപ കൂടുതലാണെങ്കിലും സുരക്ഷിത ഭക്ഷണമോര്‍ത്ത് ചിക്കന് ഡിമാന്റ് കൂടുതലാണെന്നും  ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ പ്രമോദ് ദാസ് പറഞ്ഞു.  25 ഓളം കോഴികളെ ഒരുമിച്ച് വളര്‍ത്തുന്ന രീതിയില്‍ 25 സ്‌ക്വയര്‍ ഫീറ്റില്‍ കൂട് നിര്‍മ്മിച്ച് നല്‍കുന്നത് മൃഗസംരക്ഷണ വകുപ്പാണ്.  22000 രൂപയാണ് വില. പകുതി തുക പഞ്ചായത്തും ബാക്കി പകുതി ഗുണഭോക്താവുമാണ് വഹിക്കേണ്ടത്.  വട്ടംകുളം പഞ്ചായത്തിലെ വിജയിച്ച ഈ പൈലറ്റ് പദ്ധതി മറ്റ് പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ്  വകുപ്പധികൃതരുടെ തീരുമാനം.

 

date