Skip to main content

വാഹനപകടം- മുന്‍കരുതലാണ് പ്രധാനം- സെമിനാര്‍

വാഹനപകടങ്ങള്‍ സംഭച്ചതിനു ശേഷം ചര്‍ച്ച ചെയ്യുകയല്ല വേണ്ടതന്നും അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കാണ് പ്രധാന്യം നല്‍കേണ്ടതെന്നും തിരൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ബാവ. സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഗതാഗത രംഗത്തെ നേട്ടങ്ങളും മാറ്റങ്ങളും ചര്‍ച്ച ചെയ്തു ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പും റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറവും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നത് ശീലമാവണം. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കുന്നത് പിഴ ഭയന്നിട്ടാവരുത്. സ്വയ രക്ഷക്കും സാമൂഹ്യ സുരക്ഷിതത്വത്തിനുമാവണമെന്നും അദ്ദേഹം പറഞ്ഞു. റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം.അബ്ദു അധ്യക്ഷത വഹിച്ചു. തിരൂര്‍ ആര്‍.ഡി.ഒ. എന്‍.എം.മെഹറലി മുഖ്യപ്രഭാഷണം നടത്തി. റോഡിന്റെ സൗകര്യങ്ങള്‍ക്കപ്പുറം വാഹനപ്പെരുപ്പം അമിതമായ കാലത്ത് ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിനുലൂടെ മാത്രമേ റോഡപകടങ്ങള്‍ കുറക്കാനാവുയെന്ന് അദ്ദേഹം പറഞ്ഞു. റോഡ് വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.ഹരീഷ് വിഷയമവതരിപ്പിച്ചു. 1000 ദിനത്തിനിടെ ഓരോ ദിനത്തിനും 1.5 കോടി വീതമെന്ന തോതില്‍ 1500 കോടി രൂപ അതിനകം ജില്ലക്കായി ലഭിച്ചിട്ടുണ്ട്. റീബില്‍ഡ് കേരള പദ്ധതിയില്‍ ലോക ബാങ്ക് ധനസഹായം നല്‍കുന്ന പദ്ധതിയില്‍ മൂന്നെണ്ണം മലപ്പുറം ജില്ലയിലാണ്. തീരദേശപാത, മലയോര പാത പാത എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഏഴ് പ്രധാന ബൈപ്പാസുകളുടെ നിര്‍മാണവും പുരോഗമിച്ചു വരികയാണ്. റോഡപകട നിവാരണം എന്ന വിഷയം എം.വി.ഐ എം.ആരിഫ് അവതരിപ്പിച്ചു.  ബോധവല്‍ക്കരണം കൊണ്ടു മാത്രം റോഡപകടങ്ങള്‍ കുറക്കാനാവില്ലെന്നും നിയമം പാലിക്കാന്‍ ഓരോരുത്തരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത സംവിധാനത്തെ ക്കുറിച്ചു ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ.കെ.ജനാര്‍ദ്ദനന്‍ വിഷയമവതരിപ്പിച്ചു. പൊതുഗതാഗതത്തിനു പ്രധാന്യം നല്‍കിയാവണം ഗതാഗത പരിഷ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു. പൊതുനിരത്തുകള്‍ കാല്‍നടയാത്രക്കാരുടേതു കൂടിയാണെന്ന ബോധം വേണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍ സ്വാഗതവും ഹനീഫ അടിപ്പോട്ട് നന്ദിയും പറഞ്ഞു. റാഫ് ജില്ലാ സെക്രട്ടറി നൗഷാദ് മാമ്പ്ര, മലപ്പുറം പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് കെ.പി.ഒ.റഹ്മത്തുള്ള, എം.ടി.തയ്യാല, പി.ടി.ബദറുദ്ദീന്‍, വേണു കരിക്കാട്, എ.കെ.ജയന്‍, ഇടവേള റാഫി, പി.പി.അബ്ദുറഹിമാന്‍, കെ.പി.സമീര്‍ ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു.

 

date