Skip to main content

സംസ്ഥാനത്തിന്റെ വികസനത്തിനു കാരണം ജനകീയ ഇടപെടലുകളുടെ കേരള മോഡല്‍ : മുഖ്യമന്ത്രി ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് മന്ദിരം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ജനകീയ ഇടപെടലുകളുടെ കേരള മോഡല്‍ ആണ് ഇന്ന് കാണുന്ന വികസന നേട്ടങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രണ കമ്മീഷന്റെ ഘടന മാറ്റിയപ്പോഴും സംസ്ഥാനം പഴയരീതി തുടരുകയായിരുന്നു. സാമൂഹികനീതിയിലധിഷ്ഠതമായ സര്‍വതലസ്പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലാ ആസൂത്രണ സമിതി സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനകീയ കൂട്ടായ്മയുടെ ഭാഗമായാണ് നവകേരള മിഷന്റെ ഓരോ മിഷനുകളും പ്രവര്‍ത്തിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉദാഹരണമായെടുത്താല്‍ കൊഴിഞ്ഞുപോക്കിനു പകരം സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 3,41,000 വിദ്യാര്‍ഥികളാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ പുതിയതായി എത്തിയത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി ജനം കാണുന്നു എന്നതിന്റെ തെളിവാണിത്. ആരോഗ്യ മേഖലയുടെ കാര്യത്തിലും ഇതു കാണാനാകും. ഇത്തരത്തില്‍ സംസ്ഥാനത്തെ ഓരോ പ്രദേശത്തെയും സമസ്തമേഖലകളിലെയും വികസനം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരട്ടാര്‍ ഉള്‍പ്പെടെയുള്ള പത്ത് നദികളൂടെ പുനരുദ്ധാരണത്തിലൂടെ ആ പ്രദേശങ്ങളില്‍ പ്രളയം അധികം ബാധിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ജനകീയ കൂട്ടായ്മകളുടെ ഫലമായാണ് ഈ പ്രവൃത്തികള്‍ നടന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളും സഹായങ്ങള്‍ നല്‍കി. പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി ആസൂത്രണം കഴിഞ്ഞ ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കി. കഴിഞ്ഞ പദ്ധതി വിഹിതത്തിന്റെ 90 ശതമാനവും ഇതിനകം തന്നെ ചെലവഴിച്ചു. പദ്ധതി നിര്‍വഹണത്തിലെ സര്‍വകാല റെക്കോഡാണിത്.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കുമ്പോള്‍ ഇനിയുമൊരു പ്രളയത്തില്‍ തകരാത്ത നിര്‍മാണമാണ് നടത്തുന്നത്. നവകേരള നിര്‍മാണത്തിന് ജനങ്ങളുടെ സഹകരണം കൂടിയേകഴിയൂവെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ.കെ.ടി. ജലീല്‍ മുഖ്യാതിഥിയായിരുന്നു. കലക്ടര്‍ അമിത് മീണ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.വി. അബ്ദുള്‍ വഹാബ് എംപി, എംഎല്‍എ മാരായ ടി. ഉബൈദുള്ള, കെ.എന്‍.എ.ഖാദര്‍, മറ്റു ജനപ്രതിനിധികള്‍ തുടയങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും ജില്ലാ പ്ലാനിങ് ഓഫീസര്‍ നന്ദിയും പറഞ്ഞു.
കലക്ടറേറ്റിന് സമീപം 48 സെന്റ് സ്ഥലത്ത് നാലു നിലകളിലായി സ്ഥാപിച്ചിട്ടുള്ള ആസൂത്രണ സമിതി സമുച്ചയത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസ്, ജില്ലാ നഗരാസൂത്രൂണ ഓഫീസ്, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം, ഹരിതകേരള മിഷന്‍, ഐടി മിഷന്‍ തുടങ്ങിയവയുടെ ഓഫീസുകള്‍  പ്രവര്‍ത്തിക്കും. നാലാം നിലയില്‍ 300, 125 വീതം ആളുകള്‍ക്ക് ഇരിക്കാവുന്ന രണ്ട് കോണ്‍ഫറന്‍സ് ഹാളുകളും സജ്ജീകരിച്ചിട്ടുണ്ട്. 11.12 കോടി അടങ്കല്‍ തുകയുള്ള പദ്ധതിയില്‍ ഇതുവരെ 10.65 കോടി രൂപ ചെലവഴിച്ചു. ഇതില്‍ സംസ്ഥാന വിഹിതം 4.14 കോടി രൂപയും തദ്ദേശസ്വയംഭരണ സ്ഥാപന വിഹിതം 5.39 കോടി രൂപയുമാണ്. കേന്ദ്രവിഹിതം 1.5 കോടി രൂപയും.
ജില്ലാ ആസൂത്രണ സമിതി രൂപരേഖ തയ്യാറാക്കിയ ആര്‍ക്കിടെക്ചര്‍ ആര്‍.കെ രമേഷ്, നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍ നിര്‍മ്മാണ്‍ മുഹമ്മദലി എന്നിവര്‍ക്ക് മുഖ്യമന്ത്രി ഉപഹാരം നല്‍കി.
ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാപഞ്ചായത്ത് അംഗങ്ങളായ സലീം കുരുവമ്പലം, എ.കെ അബ്ദുറഹിമാന്‍, ഇസ്മായില്‍ മുത്തേടം, വെട്ടം ആലിക്കോയ, സി.എച്ച് ജമീല അബൂബക്കര്‍, സി.അബ്ദുനാസര്‍, ഷൈനി, എം.കെ റഫീഖ, ആലിപ്പറ്റ ജമീല, ഇ.എന്‍ മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് അബദുള്‍ കലാം മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ നാസര്‍, മുന്‍സിപ്പല്‍ ചേമ്പര്‍ പ്രതിനിധി കെ.കെ നാസര്‍ എന്നിവര്‍ പങ്കെടുത്തു.

 

date