Skip to main content

സര്‍ക്കാരിന്റെ ലക്ഷ്യം സമഗ്രതല സ്പര്‍ശിയായ വികസനമെന്ന് മുഖ്യമന്ത്രി ഭവനസമുച്ചയത്തിന് പെരിന്തല്‍മണ്ണയില്‍ തറക്കല്ലിട്ടു

നഗരങ്ങള്‍ വികസിക്കുകയും ഗ്രാമജീവിതം ദുരിതമയമായി തന്നെ നിലനില്‍ക്കുകയും  ചെയ്യുന്ന വികസന മാതൃകകളാണ് രാജ്യത്തെങ്ങുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഈ പൊതു ചിത്രത്തില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിന്റെ വികസനം.  വികസനം ഏതെങ്കിലും പ്രദേശത്തോ ഏതെങ്കിലും ജനവിഭാഗങ്ങളിലോ കേന്ദ്രീകരിക്കപ്പെടരുതെന്നാണ് ഈ സര്‍ക്കാരിന്റെ കാഴ്ചപ്പാട്. വികസനത്തിന്റെ ഗുണഫലമനുഭവിക്കാത്ത പ്രദേശങ്ങളും  ജനവിഭാഗങ്ങളും പൊതുധാരയില്‍ എത്തുന്ന തരത്തിലുള്ള, സമഗ്രതല സ്പര്‍ശിയായ, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ  വികസനമാണ് സര്‍ക്കാര്‍ തുടക്കം മുതലേ ലക്ഷ്യമിട്ടിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി വീടെന്ന സ്വപ്നം സ്വപ്നമായിത്തന്നെ നിലനിര്‍ത്തി മണ്ണടിയുന്ന നിരവധി മനുഷ്യരുണ്ട്. അവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  
ഭൂരഹിതരായ 400 പേര്‍ക്കുള്ള ആധുനിക ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം   പെരിന്തല്‍മണ്ണയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  പലവിധ കാരണങ്ങളാല്‍  വീട് നിര്‍മാണം  പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന 50144 കുടുംബങ്ങള്‍ക്കുള്ള വീടുകളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.   590 കോടി രൂപ ഇതിനായി ചെലവഴിച്ചു. സ്വന്തമായി സ്ഥലമുള്ള, വീട് നിര്‍മിക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത 83688 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് യാഥാര്‍ഥ്യമാക്കി. 1240 കോടി രൂപയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത്.  ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വേണ്ടി ഭവനസമുച്ചയങ്ങളാണ് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നത്. സര്‍ക്കാര്‍ ധനസഹായത്തിന് പുറമെ ജനങ്ങളുടെ സഹകരണവും ലൈഫ് മിഷന്റെ വിജയത്തിന് കാരണമാണ്. ഇതിനായി കോര്‍പ്പറേറ്റുകളുടെ സിഎസ്ആര്‍ ഫണ്ട്  സ്വീകരിക്കും. ഇങ്ങനെ നാടാകെ ഒന്നിച്ചുനിന്നാണ് ഭവനരഹിതരുടെ സ്വപ്നം സാക്ഷാത്കരിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
 എസ്.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട  640 കുടുംബങ്ങളുടെ സ്നേഹ ഭവനത്തിന്റെ് താക്കോല്‍ ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
     തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക്  യാതൊരു സാങ്കേതിക തടസ്സവും നേരിടേണ്ടിവരില്ലെന്ന്  എ.സി മൊയ്തീന്‍ വ്യക്തമാക്കി.  ഇതിനായി പഞ്ചായത്തുകള്‍ക്കുള്ള തുക അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പെരിന്തല്‍മണ്ണ പാതായ്ക്കരവില്ലേജില്‍ എരവിമംഗലം ഒടിയന്‍ചോലയില്‍ 6.87 ഏക്കര്‍ സ്ഥലത്ത്  400പേര്‍ക്ക് താമസിക്കാനുള്ള വീടുകളാണ് ലൈഫ്മിഷന്റെ സഹായത്തോടെ ഒരുങ്ങുന്നത്.  ആയിഷാ കോംപ്ലക്സ് ജംങ്ഷനില്‍ നടന്ന ചടങ്ങില്‍  മഞ്ഞളാംകുഴി എം.എല്‍.എ, മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം,  ലൈഫ് മിഷന്‍ സി.ഇ.ഒ യു.വിജോസ് തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച്  പെരിന്തല്‍മണ്ണയില്‍ 2004 കുടുംബങ്ങളുടെ ഭവന സ്വപ്നങ്ങളാണ് സാക്ഷാത്ക്കരിക്കുന്നത്. ലൈഫ്മിഷനും നഗരസഭയും നടത്തിയ സര്‍വ്വെ പ്രകാരം നഗരത്തില്‍ 684 ഭവനരഹിതരും 640 തീര്‍ത്തും വാസയോഗ്യമല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്ന പട്ടികജാതി  കുടുംബങ്ങളും, 280 പണിതീരാത്ത വീടുള്ള കുടുംബങ്ങളും 400 ഭൂരഹിതരായ ഭവനമില്ലാത്ത കുടുംബങ്ങളുമാണ് ഗുണഭോക്താക്കള്‍. ഈ കുടംബങ്ങളുടെ ഭവനസ്വപ്നം സാക്ഷാത്കരിക്കാന്‍ ലൈഫ് മിഷന്‍, പി.എം.എവൈ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയോജിപ്പിച്ചു സമഗ്ര പദ്ധതി തയ്യാറാക്കി. ഇതില്‍ ഭൂമിയുള്ള 1604 കുടുംബങ്ങളില്‍ 60 ശതമാനം ഭവനങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഈ ഘട്ടത്തിലാണ് ഭൂരഹിതരായ ഭവനരഹിതര്‍ക്കു വേണ്ടി ഭവന സമുച്ചയത്തിന്റെ നിര്‍മാണ  പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
600 സ്‌ക്വയര്‍ ഫീറ്റില്‍ഒരു ഭവനം എന്ന നിലയില്‍ മൂന്ന് നിലകളിലായി 12 ഭവനങ്ങളങ്ങുന്ന 34 ഭവന സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. ഭവന സമുച്ചയത്തോടൊപ്പം ഈ വീടുകള്‍ക്കാവശ്യമായ കുടിവെള്ള പദ്ധതി, വൈദ്യുതി ലൈന്‍, കമ്യൂനിറ്റിഹാള്‍ , അങ്കണവാടി, റസിഡന്‍സ് അസോസിയേഷന്‍ ഹാള്‍, കൊമേഴ്‌സ്യല്‍ഷോപ്പുകള്‍, തൊഴില്‍ പരിശീലന കേന്ദ്രം, കളിസ്ഥലം, വിശ്രമകേന്ദ്രം എിവയെല്ലാം ആധുനിക ഭവന സമുച്ചയത്തില്‍ ഒരുക്കും. ഈ പൊതുസൗകര്യങ്ങളെല്ലാം നിര്‍മ്മിച്ച് നല്‍കുന്നത് നഗരസഭ തന്നെയാണ്. 54 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുത്.  ഈ സംഖ്യയില്‍ 20 കോടി ലൈഫ്മിഷനും, ആറുകോടി പി.എം.എവൈ, 10 കോടി നഗരസഭ വിഹിതവും 16 കോടി സംഭാവനയും-സി.ഡി.എസ്.ആര്‍ ഫണ്ടുകളും സംയോജിപ്പിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ബാംഗ്ലൂര്‍ ആസ്ഥാനമായ എ.യു.എസ് കണ്‍സോര്‍ഷ്യം തയ്യാറാക്കിയ രൂപരേഖ പ്രകാരം നഗരസഭയിലെ നിര്‍മാണരംഗത്ത് പ്രാഗല്‍ഭ്യം  തെളിയിച്ച മാലാഖ സൊലൂഷന്‍സ് എന്ന കുടുംബശ്രീ സംരംഭക ഗ്രൂപ്പാണ് നിര്‍മാണം നടത്തുന്നത്. ഒരുവര്‍ഷത്തിനകം തന്നെ പദ്ധതി  പൂര്‍ത്തീകരിക്കാനാണ് നഗരസഭ ലക്ഷ്യം വെയ്ക്കുന്നത്.

 

date