Skip to main content

വരൂ, വിവിപാറ്റ് പരിചയപ്പെടാം..

ലോക്‌സഭാ  തെരഞ്ഞെടുപ്പിനു മുന്നോടിയായി  വിവിപാറ്റ് സംവിധാനത്തെ  പരിചയപ്പെടുത്തുകയാണ്  റവന്യു വകുപ്പ്.  തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയ  പ്രദര്‍ശനത്തിലാണ് വിവിപാറ്റ് പരിചയപ്പെടുത്തുന്നത്. സമ്മതിദായകര്‍ക്ക് അവര്‍ ഏതു സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പു വരുത്താനുള്ള സംവിധാനമാണ് വിവി പാറ്റ് അഥവാ വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ്  ട്രയല്‍.  വോട്ട് ചെയ്തതിന് ശേഷം ഏഴ് സെക്കന്റ് നേരത്തേക്ക്  സ്ഥാനാര്‍ത്ഥിയുടെ പേര് സ്‌ക്രീനില്‍ തെളിഞ്ഞു കാണും.  ആകെ സ്ഥാനാര്‍ത്ഥികള്‍, വോട്ടു ചെയ്തവരുടെ എണ്ണം , ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ട് , നോട്ട എന്നിവ  എങ്ങനെയാണ് നോക്കുന്നതെന്നും കൂടാതെ ഉപകരണത്തിന്റെ സാങ്കേതിക വശങ്ങളും സ്റ്റാളില്‍ വളണ്ടിയര്‍മാര്‍ വിശദീകരിച്ച് നല്‍കുന്നുണ്ട്. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള വോട്ടുകള്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ മുന്‍കൂട്ടി സെറ്റ് ചെയ്ത് വെക്കാമെന്ന രീതിയില്‍  വ്യാപകമായി പരാതികള്‍ ഉയര്‍ന്നതോടെയാണ്  വിവിപാറ്റ് സംവിധാനം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ കമ്മീഷന്‍ തീരുമാനിക്കുന്നത്.  വിവിപാറ്റ് ഉപകരണത്തില്‍ വളരെ വേഗത്തിലാണ് വോട്ടുകള്‍ തിട്ടപ്പെടുത്തുന്നത്. ഒരു ബൂത്തില്‍ അനുവദനീയമായ നിശ്ചിത എണ്ണം ആളുകള്‍ക്ക്  വോട്ട് ചെയ്യാനുള്ള  പേപ്പര്‍ ചുരുള്‍ ഉപകരണത്തില്‍  സജ്ജീകരിച്ചിട്ടുണ്ടാകു. കൂടുതല്‍ ആളുകള്‍ എത്തിയാല്‍  പുതിയ ബൂത്തും ഉപകരണവുമാണ്  ഉപയോഗിക്കുക.  പ്രദര്‍ശന നഗരിയില്‍   ഒരു ദിവസം എണ്‍പതോളം പേര്‍  ട്രയല്‍ ചെയ്ത് നോക്കാനെത്തുന്നുണ്ട്.
വിവിപാറ്റ് സംവിധാനം എല്ലാ സംസ്ഥാനത്തും  ഉപയോഗിച്ചുകൊണ്ടുള്ള രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പാണ് വരുന്ന ലോക്‌സഭാ ഇലക്ഷന്‍.  2017ല്‍ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിലാണ്   വിവിപാറ്റ് സംവിധാനം മുഴുവന്‍  മണ്ഡലങ്ങളിലും  ഉപയോഗിച്ചത് .

 

date