നവോത്ഥാന ചിന്തകളെ ഉള്‍ക്കൊണ്ട് നല്ല നാളേക്കായി ഒരുമിച്ച് നില്‍ക്കണം : കെ പി രാധാകൃഷ്ണന്
പട്ടികജാതി വിഭാഗത്തിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മല്ലപ്പള്ളി സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടറും റിട്ട. ജില്ല ലേബര്‍ ഓഫീസറുമായ കെ. പി രാധാകൃഷ്ണന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ പട്ടികജാതി സമൂഹവും നവോത്ഥാന മുന്നേറ്റങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളില്‍ ജനസംഖ്യാനുപാതികമായി മാത്രം പട്ടികജാതി മുന്നേറ്റങ്ങള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 12 ശതമാനത്തോളം തുകയാണ് ഇതിനു വേണ്ടി മാറ്റി വച്ചത്. അത് ഈ സമൂഹത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. പട്ടികജാതി വിഭാഗത്തോടുള്ള സമൂഹത്തിന്റെ ചിന്താഗതികളില്‍ ഇനിയും മാറ്റം വരേണ്ടിയിരിക്കുന്നു. നവോത്ഥാന ചിന്തകളെ ഉള്‍ക്കൊണ്ട് നല്ല നാളേയ്ക്കായി ജാതി വ്യത്യാസങ്ങള്‍ക്കതീതമായി ഒരുമിച്ച് നില്‍ക്കണം. പട്ടികജാതി സമൂഹത്തിന്റെ വികസനം നാടിന്റെ തന്നെ വികസനത്തിന് കാരണമാകുമെന്നും അതിനു വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുവിനെയും മന്നത്ത് പദ്മനാഭനെയും പോലെയുള്ള നവോത്ഥാന നായകന്മാര് പകര്‍ന്ന മൂല്യങ്ങള്‍ നാം ഉയര്‍ത്തിപിടിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുന്‍ എംഎല്‍എയും സംസ്ഥാന ഉപദേശക സമിതി അംഗവുമായ പി.കെ കുമാരന് പറഞ്ഞു. മാറ് മറക്കാനും, ക്ഷേത്രത്തില്‍ കയറാനും, പൊതുവഴിയില്‍ സഞ്ചരിക്കാനുമൊക്കെ വേണ്ടി സമരങ്ങള്‍ നടന്ന നാടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ്. ബീന, അസിസ്റ്റന്റ് ജില്ല പട്ടികജാതി വികസന ഓഫീസര്‍ ജി. സുനില്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. തുടര്‍ന്ന് തിരുവന്തപുരം വാമൊഴികളും റിസേര്‍ച്ച് ആന്‍ഡ് പെര്‍ഫോമിങ് ബാന്‍ഡ് അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. നാടന്‍പാട്ട് കൂടാതെ നാടന്‍ കലാരൂപങ്ങള്‍, പന്തക്കാളി വാണിയക്കോലം എന്നിവയും അരങ്ങിന് കൊഴുപ്പ് കൂട്ടി.
- Log in to post comments