Skip to main content

കെയര്‍ഹോം പദ്ധതി; വീടുകളുടെ താക്കോല്‍ കൈമാറി

 

പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് കൈകോര്‍ത്ത സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ലൈവ് സ്ട്രീമിംഗിലൂടെ നിര്‍വഹിച്ചു. ജില്ലയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ തൊഴില്‍-എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സഹകരണ വകുപ്പിന്റെ കെയര്‍ കേരള പദ്ധതിയുടെ ഭാഗമായി കെയര്‍ഹോം സ്‌കീമില്‍ ജില്ലയില്‍ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായ ആറ് വീടുകളുടെ താക്കോലുകളാണ് കൈമാറിയത്. ഒന്നാംഘട്ടത്തില്‍ 2000 വീടുകളാണ് കെയര്‍ ഹോം പദ്ധതിയില്‍ സഹകരണ പ്രസ്ഥാനം നിര്‍മ്മിക്കുന്നത്. ഇതില്‍ പൂര്‍ത്തിയായ  44 വീടുകളാണ് സംസ്ഥാനതലത്തില്‍ കൈമാറിയത്. 

ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വീടുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ച സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാരെ ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. കോഴിക്കോട് താലൂക്കിലെ സഹകരണ സംഘങ്ങളുടെ ലാഭവിഹിതത്തില്‍ നിന്ന് നല്‍കിയ 80,87,203 രൂപയുടെ ചെക്ക് മന്ത്രി ടി പി രാമകൃഷ്ണന്‍ ഏറ്റുവാങ്ങി. എംഎല്‍എമാരായ പി ടി എ റഹിം, കെ ദാസന്‍ എന്നിവര്‍ സംസാരിച്ചു. അസി. രജിസ്ട്രാര്‍ (പ്ലാനിങ്) എ കെ അഗസ്റ്റി സ്വാഗതവും കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ ഉദയഭാനു നന്ദിയും പറഞ്ഞു.
 
 ബാലുശേരി റീജിണല്‍ സഹകരണ ബാങ്ക്, ചങ്ങരോത്ത്, ചോറോട്, കാരശേരി, രാമനാട്ടുകര, കൊടിയത്തൂര്‍ സഹകരണ ബാങ്കുകള്‍ എന്നിവര്‍ നിര്‍മ്മിച്ച വീടുകളാണ് ജില്ലയില്‍ പൂര്‍ത്തിയായത്.  കാപ്പുമ്മല്‍ ആയിഷ (ചോറോട്), നിരവില്‍ വി അനു (ചോറോട്), ചുടലക്കണ്ടി കല്ല്യാണി (കാരശേരി), നടുവീട്ടില്‍ ഉമ്മയ്യക്കുട്ടി (രാമനാട്ടുകര), കെ ടി അബ്ദുറഹിമാന്‍ (കൊടിയത്തൂര്‍), കൊഴുകുമ്മല്‍ ബാലകൃഷ്ണന്‍ (ബാലുശേരി) എന്നിവര്‍ക്കാണ് സഹകരണ വകുപ്പിന്റെ കൈത്താങ്ങില്‍ വീടെന്ന സ്വപ്നം സഫലമായത്. 

ചങ്ങരോത്ത് ബാങ്ക് പ്രസിഡന്റ് എം വിശ്വന്‍മാസ്റ്റര്‍, ചോറോട് പ്രസിഡന്റ് വി ദിനേശന്‍, കാരശേരി പ്രസിഡന്റ് എന്‍ കെ അബ്ദുറഹിമാന്‍, രാമനാട്ടുകര പ്രസിഡന്റ് വിജയന്‍ പി മേനോന്‍, കൊടിയത്തൂര്‍ പ്രസിഡന്റ് ഇ രമേശ്ബാബു, ബാലുശേരി പ്രസിഡന്റ് സി കെ രാഘവന്‍ എന്നിവരെയാണ് ഉപഹാരം നല്‍കി ആദരിച്ചത്. 

date