എറണാകുളം അറിയിപ്പുകള്‍1
റേഷന്‍ കാര്‍ഡ് കൈപ്പറ്റണം
കൊച്ചി: ജില്ലയില്‍ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് തയാറാക്കിയ കാര്‍ഡുകളില്‍ ഇതുവരെയും കൈപ്പറ്റാത്ത കാര്‍ഡുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ https://civilsupplieskerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആയത് പരിശോധിച്ച് കാര്‍ഡുകള്‍ ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസ്/സിറ്റി റേഷനിംഗ് ഓഫീസുകളില്‍ നിന്നും കൈപ്പറ്റണം. അല്ലാത്തപക്ഷം കാര്‍ഡ് റദ്ദ് ചെയ്യുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഒറ്റത്തവണ തീര്‍പ്പാക്കല്‍
കൊച്ചി: സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുളള മാര്‍ജിന്‍ മണി വായ്പ തീര്‍പ്പാക്കുന്നതിനുവേണ്ടി, സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ പ്രളയം കനത്ത നാശനഷ്ടം വിതച്ച സാഹചര്യത്തില്‍ വ്യവസായ സംരംഭകരെ സഹായിക്കുന്നതിനു വേണ്ടി പ്രത്യേക ആനുകൂല്യം നല്‍കുന്നതിന് എല്ലാ മാര്‍ജിന്‍ മണി വായ്പക്കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ചു.
മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക ഫെബ്രുവരി 20 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ഒറ്റത്തവണയായി പൂര്‍ണ്ണമായും അടച്ചു തീര്‍ക്കുന്നവര്‍ക്ക് പിഴപലിശ പൂര്‍ണ്ണമായും ഒഴിവാക്കി മുതലും പലിശയുടെ 50 ശതമാനവും അടച്ച് വായ്പ തീര്‍പ്പാക്കുവാന്‍ അനുവാദം നല്‍കി. ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
കന്നുകാലി സെന്‍സസ് മാര്‍ച്ച് ഒന്നു മുതല്‍
കൊച്ചി: ഇരുപതാമത് കന്നുകാലി സെന്‍സസ് മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെ സംസ്ഥാനത്ത് നടത്തുന്നു. കന്നുകാലി/മത്സ്യ സമ്പത്ത് മേഖലയില്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യിന്നതിനും നാളിതുവരെ നടപ്പാക്കിയ പദ്ധതികളുടെ യഥാസ്ഥിതി മനസിലാക്കുന്നതിനും, പദ്ധതികള്‍ക്ക് എന്തെങ്കിലും തരത്തിലുളള ദൗര്‍ലഭ്യങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അതു കൂടി പരിഹരിക്കുന്നതിനും, മേഖലയിലുളള വിവരശേഖരണം അത്യന്താപേക്ഷിതമാണ്. ഇത്തരത്തില്‍ ശേഖരിക്കുന്ന സ്ഥിതിവിവരം ജില്ല/താലൂക്ക്/കോര്‍പറേഷന്‍/മുനിസിപ്പാലിറ്റി/പഞ്ചായത്ത്/വാര്‍ഡ് തിരിച്ച് ലഭ്യമാക്കുന്നതിലൂടെ വികേന്ദ്രീകൃത പദ്ധതി ആസൂത്രണത്തിന് ഊന്നല്‍ നല്‍കുവാന്‍ സര്‍ക്കാരിന് സാധിക്കും. കന്നുകാലി സെന്‍സസിലെ കൃത്യതയാര്‍ന്ന കണക്കുകള്‍ ശേഖരിക്കുവാന്‍ ഉത്തരവാദിത്തപ്പെട്ട മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഓരോ വ്യക്തിയെയും സന്ദര്‍ശിക്കുന്ന വേളയില്‍ കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
താത്കാലിക നിയമനം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ എംആര്‍ഐ ടെക്‌നീഷ്യന്‍ ഡിആര്‍റ്റി യോഗ്യതയുളള എംആര്‍ഐ യൂണിറ്റില്‍ പ്രവൃത്തി പരിചയമുളളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് രണ്ടിന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.
സൂര്യാഘാതം: ജോലി സമയം പുനക്രമീകരിച്ചു
കൊച്ചി:: വേനല്‍ക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുളള സാഹചര്യം കണക്കിലെടുത്ത് 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24 (3) പ്രകാരം വെയിലത്തുനിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം പുനക്രമീകരിച്ചു. ഫെബ്രുവരി 26 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വിശ്രമമായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 മണിവരെയുളള 8 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 180042555214/ 155300/ 0484 2423110 എന്നീ നമ്പറുകളില്‍ വിളിച്ച് പരിഹാരം തേടേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) വി.ബി. ബിജു അഭ്യര്‍ത്ഥിച്ചു.
ഭിന്നശേഷിയുളളവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
കൊച്ചി: കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ അംഗീകാരത്തോടുകൂടി പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ വളളംകുളത്ത് പ്രവര്‍ത്തിക്കുന്ന വികലാംഗര്‍ക്കുളള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിറ്റിപി, ഡിപ്ലോമ ഇന്‍ ഓഫീസ് ഓട്ടോമേഷന്‍, ഫോട്ടോഷോപ്പ്, റ്റാലി, പ്രിന്റിംഗ് ടെക്‌നോളജി, ബുക്ക് ബൈന്‍ഡിംഗ്, സ്‌ക്രീന്‍ പ്രിന്റിംഗ്, ഓഫ്‌സെറ്റ് പ്രിന്റിംഗ്, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ആന്റ് മലയാളം എന്നീ കെജിറ്റി കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 15 നും 35 നും ഇടയ്ക്ക് പ്രായമുളള കൈകാല്‍ സ്വാധീനമില്ലാത്തവര്‍, ചെറിയ തോതില്‍ ബുദ്ധി വൈകല്യം ഉളളവര്‍, ബധിരരായ പെണ്‍കുട്ടികള്‍, ഭാഗികമായി കാഴ്ച കുറവുളളവര്‍ എന്നിവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. രണ്ട് വര്‍ഷമാണ് പരിശീലനത്തിന്റെ കാലാവധി. പരിശീലനം സൗജന്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിദ്യാര്‍ഥികളെ ബന്ധപ്പെട്ട വിഷയങ്ങളില്‍ കെജിറ്റി പരീക്ഷയ്ക്ക് ചേര്‍ക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ പേര്, വിലാസം, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത വൈകല്യത്തിന്റെ സ്വഭാവം, ഇവ രേഖപ്പെടുത്തിയ അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ജില്ലാ മെഡിക്കല്‍ ബോര്‍ഡില്‍ നിന്നുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം മാര്‍ച്ച് 20-ന് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കാര്‍ത്തിക നായര്‍ മെമ്മോറിയല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍, വളളംകുളം.പി.ഒ, തിരുവല്ല - 689541. വിലാസത്തില്‍ അയക്കണം. അഞ്ച് രൂപ സ്റ്റാമ്പ് സഹിതം സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ അയക്കുന്നവര്‍ക്ക് അപേക്ഷാഫോറവും പ്രോസ്‌പെക്ടസും സൗജന്യമായി അയച്ചുകൊടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469-2608176 നമ്പരില്‍ ബന്ധപ്പെടുക. www.karthikarehab.com എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഡൗണ്‍ലോഡ് ചെയ്യാം
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍
കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ആന്റ് ഇ.ഐ കോര്‍ട്ട് ജഡ്ജ് എം.ബി.പ്രജിത്ത് മാര്‍ച്ച് ഒന്ന്, ഏഴ്, എട്ട്, 14, 15, 21, 22, 28, 29 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും 12-ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും, 26-ന് പത്തനംതിട്ട ജില്ലാ മീഡിയേഷന്‍ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി ഇന്‍ഷുറന്‍സ് മെഡില്‍ സര്‍വീസസ് വകുപ്പിന്റെ കീഴിലുളള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിലവിലുളള ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ മാര്‍ച്ച് അഞ്ചിന് രാവിലെ 11-ന് എറണാകുളം നോര്‍ത്തിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തുളള പോള്‍ അബ്രോ റോഡിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് മദ്ധ്യമേഖല റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്തുന്നു. ഗവ: അംഗീകരിച്ച എം.ബി.ബി.എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും പങ്കെടുക്കാം.
താത്പര്യമുളളവര്‍ എം.ബി.ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, റ്റിസിഎംസി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനതീയരി തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം അന്നേ ദിവസം ഓഫീസില്‍ ഹാജരാകണം.
- Log in to post comments