ബാലസംരക്ഷണ സമിതി ശിൽപ്പശാലകളുടെ സമാപനം മാർച്ച് ഒന്നിന് കണ്ണൂരിൽ
തദ്ദേശ സ്വയംഭരണ തലത്തിൽ ബാലസംരക്ഷണ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി ബാലാവകാശ സംരക്ഷണ കമ്മീഷൻ സംസ്ഥാനാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ശിൽപശാലകളുടെ സമാപനം മാർച്ച് ഒന്നിന് കണ്ണൂരിൽ നടത്തും. ദിനേശ് ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
ബാലാവകാശ സംരക്ഷണ നിയമങ്ങളും പദ്ധതികളും നൽകുന്ന പരിരക്ഷയും സേവനങ്ങളും പ്രാദേശിക തലത്തിൽ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നതെന്ന് ബാലാവകാശ സംരക്ഷണ സമിതി ചെയർപേഴ്സൺ പി സുരേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം, ബാലനീതി നിയമം, ശൈശവ വിവാഹം നിരോധിച്ചുകൊണ്ടുള്ള നിയമം തുടങ്ങിയവ സംബന്ധിച്ച ബോധവത്കരണവും നൽകും. തദ്ദേശ സ്വയംഭരണ തലങ്ങളിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ബാലസംരക്ഷണ സമിതികൾ ശക്തിപ്പെടുത്തുകയാണ് ശിൽപശാലയുടെ ലക്ഷ്യം.
ചടങ്ങിൽ പി കെ ശ്രീമതി ടീച്ചർ എംപി അധ്യക്ഷത വഹിക്കും. ടി വി രാജേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, കോർപ്പറേഷൻ മേയർ ഇ പി ലത, വനിത-ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, ക്രൈം ഐജി എസ് ശ്രീജിത്ത്, ജില്ലാ കളക്ടർ മീർ മുഹമ്മദ് അലി തുടങ്ങിയവർ സംസാരിക്കും. ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ പി സുരേഷ്, ജില്ല ശിശു സംരക്ഷണ ഓഫീസർ അബ്ദുറഹിമാൻ, ജില്ല പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ എന്നിവർ വിഷയാവതരണം നടത്തും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ ഡോ. എം പി ആന്റണി, സിസ്റ്റർ ബിജി ജോസ്, എൻ ശ്രീല മേനോൻ, സി ജെ ആന്റണി എന്നിവർ പങ്കെടുക്കും. വൈകീട്ട് സമാപന സമ്മേളനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും. ദക്ഷിണേന്ത്യൻ ബാലാവകാശ കമ്മീഷൻ ചെയർമാൻമാർ ചടങ്ങിൽ പങ്കെടുക്കും.
ആറളം ഫാം ഗവൺമെന്റ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സൈക്കിൾ വാങ്ങി നൽകിയ ജില്ലാ പഞ്ചായത്തിനെ കമ്മീഷൻ ചെയർപേഴ്‌സൻ അഭിനന്ദിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ ആർ വേണുഗോപാലും പങ്കെടുത്തു.
- Log in to post comments