Skip to main content

പ്രാദേശിക ടൂറിസം വികസനം പ്രളയാനന്തര അതിജീവനത്തിനു കരുതേകി: ടൂറിസം സെമിനാര്‍

പ്രാദേശിക തലത്തിലുള്ള ടൂറിസം വികസനം പ്രളയാനന്തര അതിജീവനത്തിനു കരുതേകിയതായി സെമിനാര്‍ വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ' നവകേരളത്തിന്റെ സുസ്ഥിര നിര്‍മ്മാണം' എന്ന സെമിനാറിലാണ് വിലയിരുത്തല്‍. ടൂറിസം മേഖലയ്ക്കാണ് പ്രളയം ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ചത്. പ്രാദേശിക മേഖലകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് നടത്തിയ പ്രളയാനന്തര വികസന പ്രവര്‍ത്തനങ്ങളാണ് ടൂറിസം രംഗത്തെ തിരിച്ചു കൊണ്ടുവരാന്‍ സഹായിച്ചതെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്ത ടൂറിസമൂള്‍പ്പെടെ ഉള്‍നാടന്‍ വിനോദ സഞ്ചാര മേഖലകളെ ഉയര്‍ത്താന്‍ വകുപ്പ്  വിവിധ പാക്കേജുകള്‍ ആവിഷ്‌കരിച്ചു. ജില്ലയില്‍ കുമരകം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ഹോംസ്റ്റേ ഇന്ന് ലഭ്യമാണ്. ഒരു വീട്ടില്‍ ഒരു ടൂറിസ്റ്റ് എന്ന ആശയമാണ് ഹോം സ്റ്റേകള്‍ വഴി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നതിനെ കുറിച്ചും സെമിനാറില്‍ വിലയിരുത്തലുകള്‍ ഉണ്ടായി. സുസ്ഥിര നിര്‍മ്മാണത്തിന് ടൂറിസം മേഖലയില്‍ ആവിഷ്‌കരിക്കേണ്ട വിവിധ പദ്ധതികള്‍ സംബന്ധിച്ച് ടൂറിസം വകുപ്പ് എറണാകുളം മേഖല ജോയിന്റ് ഡയറക്ടര്‍ പി.കെ നന്ദകുമാര്‍ ക്ലാസെടുത്തു.

എം.ജി സര്‍വ്വകലാശാല ടൂറിസം വിഭാഗം അദ്ധ്യാപകന്‍ ഡോ.റോബിനറ്റ്, ടൂറിസം ക്ലബ്ബ് ജില്ലാ കോര്‍ഡിനേറ്റര്‍ സജു മാത്യു, ബി.കെ കോളേജ് ടൂറിസം വിഭാഗം മേധാവി ബീന ജോര്‍ജ്, കുമരകം എസ്.എന്‍ കോളേജ് ടൂറിസം വിഭാഗം അദ്ധ്യാപിക ആര്‍ .അനിത തുടങ്ങിയവര്‍ സംസാരിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ് സ്വാഗതവും  ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ബിന്ദു നായര്‍ നന്ദിയും പറഞ്ഞു.

date