Skip to main content

ബാങ്കുകളിലെ നിക്ഷേപത്തില്‍ വര്‍ധനവ്

ജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപത്തില്‍ വര്‍ധനവുള്ളതായി ബാങ്കിങ് അവലോകന സമിതി വിലയിരുത്തി. 33806 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കുകളിലുള്ളത്. സെപ്റ്റംബറില്‍ ഇത് 33063 കോടി രൂപയായിരുന്നു. അതേ സമയം പ്രവാസി നിക്ഷേപത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. 10620 കോടി രൂപയാണ് പ്രവാസി നിക്ഷേപമുള്ളത്. സെപ്റ്റംബറില്‍ ഇത് 10700 കോടി ആയിരുന്നു. പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ച് വന്നതും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നിക്ഷേപം പിന്‍വലിച്ചതുമാണ് കുറയാന്‍ കാരണമായി പറയുന്നത്.
മുന്‍ഗണനാ മേഖലയില്‍ മാര്‍ച്ച് 2018 മുതല്‍ 14191 കോടി രൂപയാണ് വായ്പയായി നല്‍കിയത്. മൊത്തം വായ്പയുടെ 63 ശതമാനമാണിത്. കാര്‍ഷിക മേഖലയില്‍ 6720 കോടിയും ചെറുകിട വ്യവസായങ്ങള്‍ക്കായി 2606 കോടിയും മറ്റു മുന്‍ഗണനാ മേഖലയില്‍ 4864 കോടിയും വായ്പയായി നല്‍കിയിട്ടുണ്ട്. പട്ടിക വര്‍ഗക്കാര്‍ക്കായി 1503 കോടിയും ഇക്കാലയളവില്‍ നല്‍കിയതായി സമിതി വിലയിരുത്തി. കൃഷിയുള്‍ പ്പെടെയുള്ള പ്രാഥമിക മേഖലയില്‍ 5941 കോടി രൂപ വായ്പ നല്‍കാനാണ് അടുത്ത വര്‍ഷം ലക്ഷ്യമിടുന്നത്. ചെറുകിട വ്യവസായ മേഖലയില്‍ 2017 കോടിയും മറ്റു മുന്‍ഗണനാ മേഖലയില്‍ 1642 കോടിയും നല്‍കാനാണ് ല്ക്ഷ്യമിടുന്നത്.
മഹേന്ദ്രപുരി ഹോട്ടലില്‍ ചേര്‍ന്ന അവലോകന യോഗം ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. റിസര്‍വ് ബാങ്ക് തിരുവനന്തപുരം ജനറല്‍ മാനേജര്‍ വിആര്‍ പ്രവീണ്‍ കുമാര്‍, ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ പിജി ഹരിദാസ്, ജില്ലാ ബാങ്ക് മാനേജര്‍ ടിപി കുഞ്ഞിരാമന്‍, നബാര്‍ഡ് ഡിഡിഎം ജെയിംസ് പി ജോര്‍ജ്, കനറാ ബാങ്ക് റീജനല്‍ ഓഫീസര്‍ എം ജലീല്‍ എന്നിവര്‍ സംസാരിച്ചു.

 

date