Skip to main content

ആരോഗ്യമേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെയുള്ള ജനകീയപ്രതിരോധമാണ്   നീതി ക്ലിനിക്കല്‍ ലാബ് : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 

മെഡിക്കല്‍ ലാബുകളുടെ ചൂഷണത്തിനെതിരെയുള്ള ജനകീയ പ്രതിരോധമാണ് നീതി ക്ലിനിക്കല്‍ ലാബ് എന്ന് സഹകരണ ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇരവിപേരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നീതി ക്ലിനിക്കല്‍ ലാബിന്റെ ഉദ്ഘാടനം ഇരവിപേരൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനകീയവും ജനാധിപത്യവുമായ ഇടപെടലുകളാണ് ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നത്. ജനങ്ങളുടെ ആരോഗ്യസുരക്ഷയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അതുകൊണ്ട് തന്നെ ഇത്തരം ലാബുകളുടെ പ്രോത്സാഹനത്തിനുള്ള നടപടികള്‍ സഹകരണവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

സഹകരണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യ മെഡിക്കല്‍ ലാബാണ്. 2016-17 വാര്‍ഷിക പദ്ധതിയില്‍ പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നീതി ലാബ് ആരംഭിച്ചത്. ഫ്രണ്ട് ഓഫീസ്, റിസപ്ഷന്‍ റൂം, ലാബ്, എന്നിവയടങ്ങുന്നതാണ് പുതിയ ക്ലിനിക്കല്‍ ലാബ്. കംപ്യൂട്ടറൈസ്ഡ് എ.സി ലാബും ആധുനിക ഉപകരണങ്ങളും പത്ത് വര്‍ഷത്തിലധികം പരിചയവും യോഗ്യതയും ഉള്ള ജീവനക്കാരുടെ സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാവിധ ലബോറട്ടറി പരിശോധനകളും നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സ്വകാര്യ ലാബുകള്‍ ഈടാക്കുന്ന പരിശോധനാ ഫീസില്‍ നിന്ന് 40 ശതമാനം വരെ ഇളവു നല്‍കി കൃത്യമായ ഫലം മൊബൈല്‍ വഴി വേഗത്തില്‍ നല്‍കും. ഇരവിപേരൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍, കെയര്‍ ഹോം പദ്ധതി എന്നിവയും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ആയിരം പദ്ധതികളുടെ ഉദ്ഘാടനങ്ങളാണ് സംസ്ഥാനത്തുടനീളം നടന്നുവരുന്നത്.

ചടങ്ങില്‍ വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആരോഗ്യമേഖലയിലേക്കുള്ള ജില്ലയുടെ സുപ്രധാന കാല്‍വയ്പാണ് നീതി മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനത്തോടെ  നടന്നതെന്നും സഹകരണവകുപ്പ് എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലായത് ഈ സര്‍ക്കാരിന്റെ വരവോടുകൂടിയാണെന്നും എംഎല്‍എ പറഞ്ഞു. 

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ വര്‍ക്കേഴ്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ കെ അനന്തഗോപന്‍, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ.പീലിപ്പോസ് തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയ ദേവി, വൈസ് പ്രസിഡന്റ് എന്‍.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി സജികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം ജോണ്‍ വര്‍ഗീസ്, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.പി ഉദയഭാനു, പി.സി സുരേഷ്‌കുമാര്‍, ജിജി ജോര്‍ജ്, സുനില്‍ മറ്റത്ത്, മുരളികൃഷ്ണന്‍, മോളി മാത്യു, ബാങ്ക് പ്രസിഡന്റ് ജി. അജയകുമാര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് ബെറ്റി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.                                                        (പിഎന്‍പി 763/19)

date