Skip to main content

ചെങ്ങന്നൂർ കുടിവെള്ള പദ്ധതിക്ക് 188.68 കോടി അനുവദിച്ചു: സജി ചെറിയാൻ

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ എല്ലാവർക്കും കുടിവെള്ള പദ്ധതിയെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. കുടിവെളള പദ്ധതിക്കായി സജി ചെറിയാൻ എം.എൽ.എ സർക്കാരിനു സമർപ്പിച്ച പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി 188.68 കോടി രൂപ അനുവദിച്ചതായി എം.എൽ.എ അറിയിച്ചു. കിഫ്ബി ഫണ്ടു വഴിയാണ് തുക ലഭിക്കുക.  ആല, പുലിയൂർ, ബുധനൂർ, പാണ്ടനാട്, മുളക്കുഴ, വെൺമണി, ചെറിയനാട് എന്നീ പഞ്ചായത്തുകൾക്കായി   200 കോടി ചെലവുവരുന്ന സമഗ്രകുടിവെള്ള പദ്ധതിയാണ് സമർപ്പിച്ചിരുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നാണിത്. 

പമ്പാനദിയിൽ അങ്ങാടിക്കൽ കോലാമുക്കത്ത് നിലവിലുള്ള കിണറിൽ  നിന്നാണ് പദ്ധതിയ്ക്കാവശ്യമായ ജലം ശേഖരിക്കുക. അങ്ങാടിക്കൽ മലയിലെ 15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ എത്തിച്ച് മുളക്കുഴ നികരുംപുറത്ത് പ്രതിദിനം  35 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കുന്ന ശുദ്ധീകരണശാലയും  14 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കും സ്ഥാപിക്കും. മുളക്കുഴയിലെ രണ്ടാമത്തെ ടാങ്ക് സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് കളരിത്തറയിൽ 24 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്.  6.5 ലക്ഷം ലിറ്റർ ജലം ശേഖരിക്കുവാൻ കഴിയുന്ന ഈ ടാങ്കിൽ നിന്നും ആല പി.എച്ച്. സി, വെണ്മണി പാറച്ചന്ത എന്നീ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ടാങ്കുകളിൽ എത്തിക്കും.ഇതുവഴി  വെണ്മണി പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനാകും.

ആല പെണ്ണുക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം നിർമ്മിക്കുന്ന ടാങ്കിന്  15 ലക്ഷം ലിറ്റർ സംഭരണശേഷിയുണ്ട്. പാണ്ടനാട്  പഞ്ചായത്തിനായി മിത്രമഠം ജംഗ്ഷന് സമീപം എട്ട് ലക്ഷം ലിറ്ററിന്റെ ടാങ്ക് സ്ഥാപിക്കും. പുലിയൂരിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്  സമീപം നിർമ്മിക്കുന്ന 16 ലക്ഷം ലിറ്റർ ജലം സംഭരിക്കാവുന്ന ടാങ്കിൽ നിന്നും പുലിയൂർ, ബുധനൂർ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കും. ചെറിയനാട്ട് പഞ്ചായത്തിൽ തുരുത്തിമേലിൽ 3.65 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് നിർമ്മിക്കും.88.15 ലക്ഷം ലിറ്ററാണ് വിവിധ ടാങ്കുകളുടെ സംഭരണ ശേഷി. ആകെ 910 കിലോമീറ്ററിലാണ് വിതരണ ശൃംഖല പൈപ്പുകൾ സ്ഥാപിക്കുക.

date