Skip to main content

വേനല്‍ച്ചൂട്:  കുടിവെള്ള വിതരണത്തിന് നടപടിവേണമെന്ന് വികസന സമിതിയോഗം

 

വേനല്‍ച്ചൂട് ശക്തമായ സാഹചര്യത്തില്‍ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. മാത്യു ടി തോമസ് എം എല്‍ എ യാണ് കുടിവെള്ള വിതരണത്തിന് ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ചത്. വരള്‍ച്ച വര്‍ധിക്കുന്നതിന് മുന്‍പ്തന്നെ എല്ലാ ജില്ലയിലെ എല്ലാ മേഖലകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കണം. ആവശ്യമെങ്കില്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കായി സര്‍ക്കാരിനോട് ശുപാര്‍ശചെയ്യണമെന്നും എം എല്‍ എ പറഞ്ഞു. വരള്‍ച്ച രൂക്ഷമായതോടെ ജില്ലയിലെ ചിലഭാഗങ്ങളിലെ കൃഷികള്‍ക്ക് വന്‍നാശനഷ്ടം നേരിടുന്നുണ്ടെന്നും കനാലിലൂടെയുള്ള ജലസേജനം ഫലപ്രദമായി നടപ്പാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. കുടിവെള്ള സ്രോതസ്സുകള്‍ ഉപയോഗയോഗ്യമാക്കുക, കുഴല്‍ക്കിണറുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തുതീര്‍ക്കുക, പൈപ്പ് ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. കക്കാട് ഡാം മൂഴിയാര്‍ ഡാമുകള്‍ ആവശ്യനുസരണം തുറന്ന് വിട്ട് കനാലുകളിലെ ജലസേചനം സുഗമമാക്കണമെന്നും എം എല്‍ എ പറഞ്ഞു. കുടിവെള്ള വിതരണവും കനാല്‍ ജലസേചനവും സംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക് ടറുടെ അധ്യക്ഷതയില്‍ ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി, ഡാം സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നവരുടെ യോഗം അടിയന്തരമായി ചേരണം.  

അപ്പര്‍കുട്ടനാടിലെ നിരണം, പെരിങ്ങര, പഴവിളാകം, ചെമ്പ്, വേങ്ങര, ശങ്കരി തുടങ്ങിയ പാടശേഖരങ്ങളിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് നടപ്പാക്കിയ ക്രമീകരണങ്ങള്‍ എം എല്‍ എ ചോദിച്ചു. കടവുകളിലെയും മോട്ടോര്‍ തറകളുടെയും പണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എക്കലും ചെളിയും മാറ്റി ഒഴുക്ക് പുനസ്ഥാപിക്കുന്ന പ്രവൃത്തിയും തീരസംരക്ഷണവും ഉടന്‍ ആരംഭിക്കുമെന്നും ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. 

ളാഹ, മഞ്ഞത്തോട് ഭാഗങ്ങളില്‍ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ഭൂമി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ലഭ്യമാക്കാത്ത വിഷയത്തില്‍ വനംവകുപ്പ് പുനപരിശോധന നടത്തണമെന്ന് രാജു എബ്രഹാം എം എല്‍ എ ആവശ്യപ്പെട്ടു. തീര്‍ത്തും അവഗണിക്കപ്പെടുന്ന വിഭാഗമാണ് ആദിവാസികളെന്നും അവരെ സാങ്കേതികതയുടെ പേരില്‍ ദ്രോഹിക്കുന്ന നടപടി അനുവദിക്കാനാവില്ലെന്നും എം എല്‍ എ പറഞ്ഞു. നാടോടികളാണെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് കൃത്യമായ സങ്കേതം നിര്‍ണയിക്കാനാവില്ലെന്നും പറയുന്നത് ആദിവാസികളോട് ചെയ്യുന്ന ദ്രോഹമാണ്. ഇത് അംഗീകരിക്കാനാവില്ല, ഇവര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് വനംവകുപ്പില്‍ നിന്നും ഉണ്ടാകേണ്ടതെന്നും എം എല്‍ എ പറഞ്ഞു. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി ഭൂമി ലഭ്യമാക്കുന്നതിന് ലാന്റ് ബാങ്കിലേക്ക് 39 അപേക്ഷകള്‍ ലഭിച്ചുട്ടുണ്ടെന്നും 26 എണ്ണത്തില്‍ പഞ്ചായത്ത് സമിതിയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ റാന്നി, കോന്നി, അടൂര്‍, കോഴഞ്ചേരി താലൂക്കുകളിലായി പരിശോധന പൂര്‍ത്തിയായതായി എം എല്‍ എ പറഞ്ഞു. 

കുറ്റപ്പുഴ-മുത്തൂര്‍, തോട്ടഭാഗം-ചങ്ങനാശ്ശേരി റോഡുകളുടെ നവീകരണം, കുറ്റൂര്‍-മനച്ചിറ റോഡ് നിര്‍മാണം, തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ എന്നിവ ത്വരിതപ്പെടുത്തണമെന്ന് തോമസ് ഐസക് എം എല്‍ എ ആവശ്യപ്പെട്ടു. പ്രളയത്തെ തുടര്‍ന്ന് പമ്പാവാലിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക, പ്രയനാന്തരം കേട്പാട് സംഭവിച്ച അരയാഞ്ഞിലിമണ്‍ തൂക്കുപാലം, എയ്ഞ്ചല്‍വാലി പാലം, കുറുമ്പന്‍മൂഴിപാലം എന്നിവയ്ക്ക് പകരം ഉയര്‍ന്ന പാലം നിര്‍മിക്കുന്നത് സംബന്ധിച്ച നടപടി വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും രാജു എബ്രഹാം എം എല്‍ എ ആവശ്യപ്പെട്ടു. 

എ ഡി എം പി.റ്റി.എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍, തിരുവല്ല സബ് കലക് ടര്‍ ഡോ വിനയ് ഗോയല്‍, അടൂര്‍ ആര്‍ ഡി ഒ ബീനാ റാണി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                  (പിഎന്‍പി 805/19) 

date