Skip to main content

ചേർത്തല നഗരവികസനം ദ്രുതഗതിയിൽ പൂർത്തീകരിക്കും- മന്ത്രി പി. തിലോത്തമൻ

ചേർത്തല : നഗരവികസനം ദ്രുതഗതിയിൽ  പൂർത്തീകരിച്ചു വരികയാണെന്നും ചേർത്തല മണ്ഡലത്തിൽ ബഹുഭൂരിപക്ഷം റോഡുകളും ഇതോടെ പുനർനിർമ്മിക്കപ്പെട്ടുവെന്നും  ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി പി തിമോത്തമൻ. ചേർത്തല എ എസ്സ് കനാൻ കിഴക്ക് ഭാഗം  ബാങ്ക് റോഡിന്റെ ഉദ്ഘാടനം കെ.എൻ.ജി.ജങ്ഷനിൽ  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

ഒരു കോടി രൂപ ചെലവഴിച് നിർമ്മിച്ച എ. എസ്. കനാൽ കിഴക്ക് ബാങ്ക് റോഡ് നഗരത്തിലെ ഗതാഗതാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതും ഗതാഗതക്കുരുക്ക്് കുറയ്ക്കുന്നതുമാണ്.  കനലിന്റെ ഇരുകരയിലുമുള്ള ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും. സംസഥാന ബജറ്റിൽ 10 കോടി രൂപയാണ് നഗര വികസനത്തിനായി മാറ്റിവച്ചിരിക്കുന്നത്. എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടും ഫലപ്രദമായി ഉപയോഗിച്ചതിന്റെ ഫലമായി തെക്കൻ പ്രദേശങ്ങൾ പൂർണമായി റോഡ് പണികൾ പൂർത്തിയാക്കുകയാണ്. റോഡുകൾ ഒക്കെ തന്നെ ദേശിയനിലവാരത്തിൽ തന്നെ ചെയ്യാനായതും സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  2017 - 18 കാലയളവിൽ ബഡ്ജറ്റിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച്  നിർമിച്ചതാണ് എസ് കനാൽ  കിഴക്കുഭാഗം ബാങ്ക്  റോഡ്. 

 

ചേർത്തല നഗരസഭാ ചെയർമാൻ പി. ഉണ്ണികൃഷ്ണന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാരായ ജ്യോതിമോൾ, ഡി.ജ്യോതിഷ്, പൊതുമരാമത്ത് നിരത്തു വിഭാഗം   എക്‌സിക്യൂട്ടീവ് എൻജിനീയർ എൽ.  രാജശ്രീ,  എക്‌സിക്യൂട്ടീവ് എൻജിനീയർ ബി ബിനു, ചേർത്തല പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ കെ എ. ഷാനജ എന്നിവർ പങ്കെടുത്തു.

 

കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം 

 

തൈക്കാട്ടുശ്ശേരി : തൈക്കാട്ടുശ്ശേരിയിൽ കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണം പദ്ധതി ഫണ്ടുപയോഗിച്ചാണ് വിപണന കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നിർമ്മിച്ചിരിക്കുന്നത്.   ജില്ല പഞ്ചായത്ത് അംഗം പി.എം.പ്രമോദ്  ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ്   അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് രാമകൃഷ്ണൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉഷ രാജഗോപാൽ ,ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മേഘ വേണു, പി.ജി.മുരളീധരൻ, പി.കെ.കൊച്ചപ്പാൻ,സിന്ധു മഹേശൻ, ശ്യാമള സിദ്ധാർഥൻ, ബി.ഡി.ഒ എ.ബിജുകുമാർ , വിപണി പ്രസിഡന്റ് ടി.കെ.സോമൻ പിള്ള ,സെക്രട്ടറി ജോസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി എസ് നായർ എന്നിവർ പങ്കെടുത്തു.

 

ഊർജ സംരക്ഷണ ബോധവത്കരണ സെമിനാർ

 

ചെങ്ങന്നൂർ:  മുളക്കുഴയിൽ ഊർജ   സംരക്ഷണ ബോധവത്ക്കരണ സെമിനാർ  നടന്നു.ഊർജകിരൺ എന്നുപേരിട്ട സെമിനാർ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുളക്കുഴ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററും സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഡെവല്പ്പ്മെന്റും ചേർന്നാണ്   സെമിനാർ നടത്തിയത്.  മുളക്കുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ രവിന്ദ്രനാഥ് അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.ആർ.രാധഭായി,  പി.ആർ വിജയകുമാർ,ഗിരിജ വിജയകുമാർ, പഞ്ചായത്തംഗങ്ങളായ മാത്യു വർഗ്ഗീസ്,ലീലാമ്മ ജോസ്,മനോജ് കുമാർ,സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. 

 

ചെങ്ങന്നൂർ ഗവ ഐ.ടി.ഐക്ക് 19.76 കോടി  അനുവദിച്ചു

 

ചെങ്ങന്നൂർ:  ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ നവീകരണത്തിന് കിഫ്ബി വഴി 19.76 കോടി രൂപ അനുവദിച്ചതായി സജി ചെറിയാൻ എം.എൽ.എ അറിയിച്ചു.സംസ്ഥാനത്തെ ആദ്യത്തെ ഗവ. ഐ.ടി.ഐ ആണിത്.  ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. 

  20 ഏക്കർ സ്ഥലത്താണ് ഐ.ടി.ഐ  സ്ഥിതി ചെയ്യുന്നത്.ഗവ.ഐ.ടി.ഐ, വനിത ഐ.ടി.ഐ  എന്നിവയുടെ  സമഗ്ര പുരോഗതിക്കായി 74 കോടി രൂപയുടെ പദ്ധതിയാണ് സർക്കാരിന് സമർപ്പിച്ചിരുന്നത്.വർക്ക്ഷോപ്പ്, ക്ലാസ് റൂമുകൾ എന്നിവ ഉൾപ്പെടുന്ന 22,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം, 13,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള  ആൺകുട്ടികളുടെ  ഹോസ്റ്റൽ, പ്രധാന കവാട നിർമ്മാണം, ക്യാംപസിലെ റോഡുകൾ, നടപ്പാത, ഓടകൾ, സൂചനാ ബോർഡുകൾ എന്നിവയുടെ നിർമ്മാണം, ലാൻഡ് സ്‌കേപ്പിംഗ്, ലാൻഡ് ഡവലപ്മെന്റ് എന്നിവയാണ് ഒന്നാം ഘട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെടുക. 

 

date