Skip to main content

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി  പാലിക്കണം: ജില്ലാ കലക്ടര്‍

 

വോട്ടര്‍ പട്ടികയില്‍ മാര്‍ച്ച് 25നു മുമ്പ് പേരു ചേര്‍ക്കണം

അംഗപരിമിതരെ ബൂത്തിലെത്തിക്കാന്‍ സംവിധാനമൊരുക്കും

തെഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയില്‍ കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അഭ്യര്‍ഥിച്ചു. പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. 

ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് (മാര്‍ച്ച് 12) രാവിലെ 11 മണിക്ക് കലക്ടറുടെ ചേംബറില്‍ ചേരും. പൊതുസ്ഥലങ്ങളിലെ ബാനറുകളും പോസ്റ്ററുകളും ഫ്‌ളക്‌സുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉടന്‍ നീക്കം ചെയ്യണം. സ്വകാര്യ സ്ഥലത്ത് ഇവ സ്ഥാപിക്കാന്‍ സ്ഥലമുടമയുടെ അനുമതി ആവശ്യമാണ്. 

ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ അതിന് അവസരമുണ്ട്. 25നു മുമ്പ് പേരു ചേര്‍ക്കുന്നവര്‍ക്കു മാത്രമേ ഈ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

മാര്‍ച്ച് 28നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം. ഏപ്രില്‍ നാലു വരെ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. എട്ടു വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പും മെയ് 23ന് വോട്ടെണ്ണലും നടക്കും. 

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഏഴ് നിയമസഭാമണ്ഡലങ്ങളിലെ 1172 പോളിംഗ് സ്‌റ്റേഷനുകളിലായി പ്രവാസികള്‍ ഉള്‍പ്പെടെ 12,12,678 വോട്ടര്‍മാരാണുള്ളത്. കൂടാതെ 4022 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. ഇവരില്‍ 21776 പേര്‍ കന്നി വോട്ടര്‍മാര്‍മാരാണ്. ജില്ലയില്‍ 5504 അംഗപരിമിതരായ വോട്ടര്‍മാരുണ്ട്. അവരെ ബൂത്തുകളിലെത്തിക്കാനുള്ള വാഹനസൗകര്യം ഒരുക്കും. ഇവര്‍ക്കായി പോളിംഗ് സ്‌റ്റേഷനുകളില്‍ റാമ്പ്, വീല്‍ ചെയര്‍ തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മാവോയിസ്റ്റ് ഭീഷണിയുള്ളതടക്കമുള്ള പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയില്‍ ഒരുക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 

എല്ലായിടങ്ങളിലും വിവിപാറ്റ് (വോട്ടര്‍ വെരിഫയബ്ള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്ന സവിശേഷത ഈ തെരഞ്ഞെടുപ്പിനുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് കലക്ടറേറ്റില്‍ പ്രത്യേക സെന്‍സിറ്റൈസേഷന്‍ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആര്‍ക്കും ഇവിടെയെത്തി യന്ത്രത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍ എന്നിവരും സംബന്ധിച്ചു. 

 

date