Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

പെരുമാറ്റച്ചട്ട ലംഘനം നിങ്ങള്‍ക്കും 

അറിയിക്കാം; സി വിജില്‍ ആപ്പ് വഴി

പെരുമാറ്റച്ചട്ടം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി വിജില്‍ (cVIGIL) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം. മാതൃകാ പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് ചെലവുകള്‍ തുടങ്ങിയവയുടെ ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്പപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുള്ള സൗകര്യം ഇതിലുണ്ട്. 

ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടുമിനുട്ടില്‍ കൂടാത്ത വീഡിയോ എന്നിവ സഹിതം നല്‍കുന്ന പരാതികള്‍ക്ക് 100 മിനുട്ടിനുള്ളില്‍ നടപടിയുണ്ടാവുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാവുന്ന ഈ മൊബൈല്‍ ആപ്പിന്റെ സേവനം പരമാവധി ഉപയോഗപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 

 

വോട്ട് ചേര്‍ക്കാന്‍ nvsp.in

വിവരങ്ങളറിയാന്‍ 1950

2019ലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പുതുതായി പേരുചേര്‍ക്കുന്നതിനുള്ള ഫോറം 6, പ്രവാസി വോട്ടറായി പേരു ചേര്‍ക്കുന്നതിനുള്ള ഫോറം 6എ എന്നിവ 25നു മുമ്പായി nvsp.inല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇതിനു ശേഷം നല്‍കുന്ന അപേക്ഷകള്‍ 2019ലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടില്ല. വോട്ടര്‍ പട്ടികയില്‍ തിരുത്തല്‍ വരുത്തുവാനും (ഫോറം 8), ബൂത്ത് മാറ്റുവാനും (8എ), പട്ടികയില്‍ നിന്ന് ഒഴിവാക്കാനും (ഫോറം 7) മാര്‍ച്ച് 10നു ശേഷം നല്‍കിയ അപേക്ഷകള്‍ തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. 

വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് എന്ത് വിവരങ്ങള്‍ അറിയാനും സംശയ നിവാരണത്തിനും 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിനായി പ്രത്യേക കോള്‍ സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യവും ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

 

പോളിംഗ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍; 

പരിശോധന ഇന്ന് മുതല്‍

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളില്‍ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ പരിശോധന ഇന്ന് (മാര്‍ച്ച് 12) മുതല്‍ ആരംഭിക്കും. മൂന്ന് ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 

എ ആര്‍ ഒമാരുടെ നേതൃത്വത്തിലാവും പോളിംഗ് സ്റ്റേഷനുകളിലെ പരിശോധന. വൈദ്യുതി, കുടിവെള്ളം, ലൈറ്റിംഗ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ടോയ്ലറ്റ്, ഹെല്‍പ് ഡെസ്‌ക് തുടങ്ങിയ സൗകര്യങ്ങള്‍ ഓരോ കേന്ദ്രങ്ങളിലുമുണ്ടാകണം. പോളിംഗ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാണോയെന്നതും പരിശോധന പരിധിയില്‍പ്പെടും. പോളിംഗ് കേന്ദ്രത്തിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മൊബൈല്‍ ആപ്പില്‍ തല്‍സമയം അപ്ലോഡ് ചെയ്യാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശീലനത്തിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് നേതൃത്വം നല്‍കി. ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇലക്ഷന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

 

രാഷ്ട്രീയ പ്രതിനിധികളുടെ യോഗം 

നാളെ (മാര്‍ച്ച് 12)

ലോകസഭ പൊതുതെരഞ്ഞെടുപ്പ് 2019 മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് മട്ടന്നൂര്‍ നിയമസഭാ മണ്ഡലം പരിധിയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം നാളെ (മാര്‍ച്ച് 12) വൈകുന്നേരം മൂന്ന് മണിക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേരുന്നതാണെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. 

 

രാഷ്ട്രീയ പ്രതിനിധികളുടെ യോഗം 

മാര്‍ച്ച് 13

ലോകസഭ തെരഞ്ഞെടുപ്പ് 2019 മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് ധര്‍മ്മടം നിയമസഭാ മണ്ഡലം പരിധിയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം മാര്‍ച്ച് 13 വൈകുന്നേരം മൂന്ന് മണിക്ക് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരുന്നതാണെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. 

 

വൈദ്യുതി മുടങ്ങും

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹാജി റോഡ്, പുതിയങ്ങാടി ബസ് സ്റ്റാന്റ്, പുതിയവളപ്പ്, ഐസ്പ്ലാന്റ്, ബീച്ച് റോഡ്, റിഫായി പള്ളി, താഹാ പള്ളി, അബ്ബാസ് പീടിക, കക്കാംചാല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 12) രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വഞ്ഞിയൂര്‍, മടമ്പം ടൗണ്‍, കൈവെട്ടിച്ചാല്‍, അലക്‌സ് നഗര്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 12) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത വിളമന അംശം ദേശത്ത് 0.0405 ഹെക്ടര്‍ സ്ഥലവും വീടും അതിലുള്‍പ്പെട്ട സകലതും മാര്‍ച്ച് 19 ന് രാവിലെ 11.30 ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളമന വില്ലേജ് ഓഫീസുമായോ ഇരിട്ടി താലൂക്ക് ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍. 0490 2494910.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയിലെ വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാട്ടര്‍ കിയോസ്‌ക്കുകളില്‍ ശുദ്ധജലം നിറക്കുന്നതിന് താല്‍പര്യമുള്ള ടാങ്കര്‍ വാഹന ഉടമകളില്‍ നിന്ന് താലൂക്ക് അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ തിരിച്ച് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 16 ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പ് ക്വട്ടേഷനുകള്‍ ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍ മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍. 0497 2700645. 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലേക്ക് ലാന്‍ നെറ്റ്വര്‍ക്ക് ജോലി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 16 രാവിലെ 11.30 ന് മുമ്പായി ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍. 0497 2780226.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

2019 ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ദിവസം വരെ വിവിധ സ്‌ക്വാഡുകളില്‍ വീഡിയോഗ്രാഫി ചെയ്യുന്നതിനായി ദിവസ വാടക വ്യവസ്ഥയില്‍ വീഡിയോ എടുത്ത് സിഡി കൈമാറുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ 80 വീഡിയോ ക്യാമറയും 80 വീഡിയോഗ്രാഫര്‍മാരും ഉള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 14 ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി സീല്‍ ചെയ്ത അപേക്ഷ കണ്ണൂര്‍ ജില്ലാ കലക്ടറേറ്റില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ മുറിയില്‍ പ്രത്യേകം തയ്യാറാക്കിയ ഡ്രോപ്പ് ബോക്സില്‍ നിക്ഷേപിക്കണം. ഫോണ്‍. 0497 2709140.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയില്‍ വരള്‍ച്ചാ കാലയളവില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ടാങ്കര്‍ ലോറികളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നതിനും അത് നിരീക്ഷിക്കുന്നതിനും മാസവാടക നിരക്കില്‍ പരിചയ സമ്പന്നരായ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 16 ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി ജില്ലാ കലക്ടര്‍ കണ്ണൂര്‍ എന്ന വിലാസത്തില്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കലക്ടറേറ്റിലെ ഡിഎം സെക്ഷനുമായി ബന്ധപ്പെടുക. ഫോണ്‍ 0497 700645.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

തോട്ടട ഗവ. ഐടിഐയില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/ എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ ഡിഗ്രിയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 14 ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍. 0497 2835183

 

പോസ്റ്റല്‍ അദാലത്ത്

കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്റെ കീഴില്‍ മാര്‍ച്ച് 27 ന് നാല് മണിക്ക് പോസ്റ്റല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ഡിവിഷന്‍ പോസ്റ്റ് ഓഫീസസ് സൂപ്രണ്ടിന്റെ പയ്യാമ്പലത്തെ കാര്യാലയത്തിലാണ് അദാലത്ത് നടക്കുക. മെയില്‍, സ്പീഡ് പോസ്റ്റ്, പാര്‍സല്‍ സര്‍വ്വീസ്, സേവിംഗ്‌സ് ബാങ്ക്, മണി ഓര്‍ഡര്‍ എന്നിവയുമായ ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും പരാതികളും അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ 26 ന് മുമ്പ് സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂര്‍ ഡിവിഷന്‍, പയ്യാമ്പലം, കണ്ണൂര്‍ 670001 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിന് പുറത്ത് പോസ്റ്റല്‍ അദാലത്ത് എന്ന് രേഖപ്പെടുത്തിയിരിക്കണം.   

date