തിരഞ്ഞെടുപ്പ് ; ജില്ലയില്‍ ഒരുക്കങ്ങള്‍ സജീവം
തീയതി പ്രഖ്യാപിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിവിധ തലങ്ങളില്‍ സജീവമായി. തിരഞ്ഞെടുപ്പില്‍ പരമാവധി ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സ്വതന്ത്രമായും നിര്‍ഭയമായും വോട്ടു ചെയ്യുന്നതിന് സാഹചര്യമൊരുക്കുന്നതിനുമുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതുമുതല്‍ ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി അദ്ദേഹം അറിയിച്ചു.
നിലവിലെ കണക്കുപ്രകാരം ജില്ലയില്‍ ആകെ 14,92,711 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 7,32,435 പുരുഷന്‍മാരും 7,60,269 സ്ത്രീകളും ഇതര ലിംഗ വിഭാഗക്കാരായ ഏഴു പേരും ഉള്‍പ്പെടുന്നു. 1564 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കായി 13644 പേരുടെ സേവനമാണ് വേണ്ടതെങ്കിലും 24850 പേരെ ജില്ലയില്‍ ഇതിനായി സജ്ജരാക്കുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലുള്ള പരിശീലന പരിപാടികള്‍ക്ക് ഈ മാസം ഏഴിന് തുടക്കം കുറിച്ചിരുന്നു.
വോട്ടര്‍ പട്ടികയില്‍ 25 വരെ പേര് ചേര്‍ക്കാം
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ മാര്‍ച്ച് 25 വരെ പുതുതായി പേര് ചേര്‍ക്കാം. 2019 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് എന്‍.വി.എസ്.പി. പോര്‍ട്ടല്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പേര് ചേര്‍ക്കാവുന്നതാണ്.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് ഉറപ്പാക്കുന്നതിന് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. കളക്‌ട്രേറ്റിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഒരുക്കിയിട്ടുള്ള ടച്ച് സ്‌ക്രീനുകള്‍ വഴിയും വോട്ടര്‍ പട്ടിക പരിശോധിക്കാം.
എല്ലാ മണ്ഡലങ്ങളിലും ഫ്‌ളൈയിംഗ് സ്‌ക്വാഡ്
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി കോട്ടയം ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഫ്‌ളൈയിംഗ് സ്‌ക്വാഡിനെ നിയോഗിച്ചു. ഒരു മണ്ഡലത്തില്‍ മൂന്നു വീതം സ്‌ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. അനധികൃത മദ്യക്കടത്ത്, പണ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ലക്ഷ്യമിട്ടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുള്ളത്. സ്‌ക്വാഡുകുളുടെ ലീഡര്‍മാര്‍ക്കുള്ള പരിശീലനം ഇന്ന്(മാര്‍ച്ച്12) രാവിലെ 10.30ന് കളക്‌ട്രേറ്റ് വളപ്പിലെ സമ്പാദ്യഭവന്‍ ഹാളില്‍ നടക്കും.
മാധ്യമ നിരീക്ഷണത്തിന് എം.സി.എം.സി
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമ നീരീക്ഷണത്തിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു. സബ് കളക്ടര്‍ ഇഷ പ്രിയ, ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ സുധ നമ്പൂതിരി, ദ് ഹിന്ദു ദിനപ്പത്രത്തിന്റെ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ ജോര്‍ജ് ജേക്കബ്, അസിസ്റ്റന്റ് ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ മാത്യു കെ. ഏബ്രഹാം, എന്നിവര്‍ അംഗങ്ങളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് മെംബര്‍ സെക്രട്ടറിയുമാണ്.
മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് കമ്മിറ്റിയുടെ ചുമതല. തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കേണ്ടതും മാധ്യമങ്ങളിലെ ഉള്ളടക്കം സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതും ഈ കമ്മിറ്റിയാണ്. കളക്‌ട്രേറ്റില്‍ എം.സി.എം.സിക്കായി പ്രത്യേക സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് പ്രചാരണ സാമഗ്രികളുടെ നിരക്കുകള്‍ നിശ്ചയിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് വൈകുന്നേരം നാലിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
(കെ.ഐ.ഒ.പി.ആര്‍ 457/19)
- Log in to post comments