ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് പരിശീലനം നല്കുന്ന പദ്ധതിക്ക് മലപ്പുറത്ത് തുടക്കം
സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സാമൂഹിക സുരക്ഷാ മിഷന് നടപ്പാക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ നേതൃത്വത്തില്‍ രക്ഷാകര്‍തൃ ശാക്തീകരണ പരിപാടിയ്ക്ക് (പാരന്റ് എംപവര്‍മെന്റ് പ്രോഗ്രാം) മലപ്പുറത്ത് തുടക്കമായി. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിവൈകല്യം എന്നിവ ബാധിച്ചവരുടെ രക്ഷിതാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ മലപ്പുറത്ത് നടപ്പാക്കുന്ന പദ്ധതി മറ്റു ജില്ലകളിലും നടപ്പാക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നിര്‍വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവ് കണ്ടെത്താന്‍ സമൂഹം കൂടെ നില്‍ക്കണമെന്നും അവര്‍ക്ക് രക്ഷിതാക്കള്‍ ധൈര്യം പകരണമെന്നും അദ്ദേഹം പറഞ്ഞു. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കാരെ പരിചരിക്കുന്നതിലും തെറാപ്പി പ്രവര്‍ത്തനങ്ങളിലും രക്ഷിതാക്കള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കികൊണ്ട് രക്ഷിതാക്കളെ തന്നെ അവരുടെ പരിശീലകരായി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റാന്‍ സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച ' അനുയാത്ര' പദ്ധതിയുടെ ഭാഗമായാണ് പരിശീലനമൊരുക്കിയിട്ടുള്ളത്.
50 രക്ഷിതാക്കളടങ്ങുന്ന 70 സംഘങ്ങളിലായി 3500 പേര്‍ക്കാണ് ജില്ലയില്‍ പരിശീലനം നല്‍കുന്നത്. ഫിസിയോ, സ്പീച്ച്, സൈക്കോ തെറാപ്പികളില്‍ പരിശീലനം നല്‍കും. പ്രാഥമിക കൃത്യങ്ങള്‍ കുട്ടികള്‍ക്ക് സ്വയം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ അവരെ മാറ്റുന്നതിനുള്ള പരിശീലനവും നല്‍കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളോടൊപ്പം ജനകീയ പങ്കാളിത്തത്തോടെയാവും പരിശീലനം നടത്തുക. ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരാക്കി മാറ്റുന്നതിനായി ഇതോടൊപ്പം ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത 500 പേര്‍ക്ക് പ്രത്യേക പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കുന്നുണ്ട്.
പരിശീലനത്തിനായി തയ്യാറാക്കിയ പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ റഷീദലി, സംസ്ഥാന ആസൂത്രണ സമിതി അംഗം മൃദുല്‍ ഈപ്പന്, സാമൂഹിക നീതി ഓഫീസര്‍ കെ.കൃഷ്ണ മൂര്‍ത്തി, സാമൂഹിക സുരക്ഷാ മിഷന് പ്രോഗ്രാം മാനേജര്‍ എസ്.സഹീറുദ്ദീന്‍, പ്രോഗ്രാം കോഡിനേറ്റര്‍ എംപി കൈരളി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി. കൃഷ്ണന്, പരിവാര്‍ കേരള ജില്ലാ സെക്രട്ടറി പി.എ റഷീദ്, ഡി.എഡബ്ല്യൂ.എഫ് ജില്ലാ സെക്രട്ടറി കെ.വാസുദേവന്‍, ഓട്ടിസം ക്ലബ്ബ് ജില്ലാ സെക്രട്ടറി കെ. റഫീഖ് അലി, എസ്ഐഡി പ്രോഗ്രാം കോഡിനേറ്റര്‍ എം.പി മുജീബ് റഹ്മാന്, ജില്ലാ കോഡിനേറ്റര്‍ സി.ടി നൗഫല്‍, വയോമിത്രം കോഡിനേറ്റര്‍മാരായ നവാസ് ജാന്‍, സി.ജാഫര്‍ എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷി അവകാശ നിയമത്തെ കുറിച്ച് ഡോ. ജാവേദ് അനീസ് ക്ലാസെടുത്തു.
- Log in to post comments