Skip to main content

പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള താത്ക്കാലിക നിയമനങ്ങള്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും

 

പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ദിവസവേതന നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള താല്‍ക്കാലിക നിയമനങ്ങളും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. കലക്ടറേറ്റിനു മുമ്പില്‍ ആദിവാസികള്‍ നടത്തിയ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കുന്നതിനോടനുബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ദിവസവേതന വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ നിശ്ചിതകാലാവധിക്കു ശേഷം പിരിച്ചുവിടുകയും പുതിയ ആള്‍ക്കാരെ തെരഞ്ഞെടുക്കുകയും ചെയ്യും. മൂന്ന് വര്‍ഷം കഴിഞ്ഞ എസ്.ടി പ്രമോട്ടര്‍മാരെ മാറ്റി പുതിയ ആളുകള്‍ക്കു അവസരം നല്‍കുന്നതിന് എസ്.ടി ഡയറക്ടര്‍ക്ക് നിര്‍ദേശം  സമര്‍പ്പിക്കും. പട്ടിക വര്‍ഗ്ഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബദല്‍ സ്‌കൂളുകളില്‍ എസ്.ടി വിഭാഗത്തില്‍ പെടുന്നവരെ നിയമിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പ്രൊപ്പോസല്‍ നല്‍കും. എസ്.ടി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ദിവസ വേതന നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്ക്കാലിക തസ്തികകളിലേക്കുള്ള നിയമനങ്ങളും എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തും. പട്ടികവര്‍ഗ്ഗ കോളനികളിലെ അങ്കണവാടികളിലെ ടീച്ചര്‍മാര്‍, ആയമാര്‍ എന്നിവരെ എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ മാത്രം നിയമിക്കുന്നതിന് വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ക്ക് പ്രൊപ്പോസല്‍ നല്‍കും.
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ലഭിച്ച പൊതുവിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കും. രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന പി.എസ്.സി കോച്ചിങിന് പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കും. ആലപ്പാറ കോളനിക്കു താഴെ പ്രവര്‍ത്തിക്കുന്ന പന്നിയാന്‍മല  അങ്കണവാടിയില്‍ പന്നിയാന്‍മല കോളനിക്കാര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമായതിനാല്‍ ഇത് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, ഡെപ്യൂട്ടി ഡി.എം.ഒ പ്രകാശ് കെ.വി, മഞ്ചേരി ഗവ. മെഡിക്കല്‍കോളേജ് ഹോസ്പിറ്റല്‍ ആര്‍.എം.ഒ ഡോ. എന്‍. സഹീന്‍ മുഹമ്മദ്, നിലമ്പൂര്‍ ഐ.എന്‍.എം.എം.ആര്‍.എസ് ഹെഡ്മിസ്ട്രസ്സ് ആര്‍. സൗദാമിനി, ആദിവാസി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

date