Skip to main content

നിലമ്പൂര്‍ ലഹരി വിമോചന കേന്ദ്രം ഉദ്ഘാടനം ചെയ്തു

സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിമുക്തി മിഷന്‍ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച ജില്ലാ ലഹരി വിമോചന ചികിത്സാ കേന്ദ്രം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ലഹരിയ്ക്കടിപ്പെട്ട് ശാരീരികമായും മാനസികമായും അവശത അനുഭവിക്കുന്നവരെ സാധാരണ ജീവിതത്തിലേക്ക്  തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ്  ലഹരിവിമോചന കേന്ദ്രം ആരംഭിക്കുന്നതെന്നു മന്ത്രി പറഞ്ഞു. മികച്ച ചികിത്സാ സൗകര്യങ്ങള്‍ക്കായി നേരത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചിരുന്നവര്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചു തുടങ്ങി. അതുപോലെ ഭീമമായ തുക ചിലവഴിച്ച് സ്വകാര്യ ഡീ അഡിക്ഷന്‍ സെന്ററുകളെ ആശ്രയിച്ചിരുന്നവര്‍ക്ക് പണം മുടക്കാതെ ചികില്‍സ ലഭ്യമാക്കാന്‍  ഉപകാരപ്രദമാവുന്ന രൂപത്തിലാണ് സര്‍ക്കാര്‍ ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പി. വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി, നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐ.പി.എസ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വി.ജെ.മാത്യു, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബെന്നി ഫ്രാന്‍സിസ്, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സി.ഹമീദ്, എന്‍.എ.എം.കെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.അഹമ്മദ് കുട്ടി, വിമുക്തി ജില്ലാ കോഓര്‍ഡിനേറ്റര്‍ ബി.ഹരികുമാര്‍, ബിനോയ് പാട്ടത്തില്‍, ഇസ്മായില്‍ എരഞ്ഞിക്കല്‍, പി.ടി.ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ അനുവദിക്കപ്പെട്ട അഞ്ച് കേന്ദ്രങ്ങളില്‍ ഒന്നാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്നത്. ലഹരിക്കെതിരായ ബോധവത്കരണത്തിനും വിമോചന കേന്ദ്രം ഉപയോഗപ്പെടുത്തും. ഡോക്ടര്‍, സൈകോളജിസ്റ്റ്, സൈകാട്രിക് സോഷ്യല്‍ വര്‍ക്കര്‍, നഴ്സുമാര്‍ എന്നിവരുടെ സേവനം കേന്ദ്രത്തില്‍ ലഭിക്കും. ലഹരിവിമോചന ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ജീവന്‍ രക്ഷാ മരുന്നുകളും ഉപകരണങ്ങളും കേന്ദ്രത്തില്‍ ലഭിക്കും. മരുന്നിന് പുറമേ കൗണ്‍സലിങ്ങ്, സൈക്കോ സോഷ്യല്‍ ഇടപെടലുകള്‍, യോഗ തെറാപ്പി, മ്യൂസിക് തെറാപ്പി തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. ചികിത്സ പൂര്‍ത്തിയായവര്‍ വീണ്ടും ലഹരിയിലേക്ക് കടക്കാതിരിക്കാന്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ തുടര്‍ ചികിത്സയും നല്‍കും.

 

date