Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ഇലക്ഷന്‍ മാനേജ്‌മെന്റ് പ്ലാന്‍ (ഡിഇഎംപി ) തയ്യാറാക്കി. ജില്ലയെ സംബന്ധിച്ച വിവരങ്ങള്‍, തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങള്‍, പോളിംഗ്‌സ്റ്റേഷനുകള്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍, സെക്ടറുകള്‍ എന്നിവയടക്കം തെരഞ്ഞെടുപ്പ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുമടങ്ങിയതാണ് ഇലക്ഷന്‍ മാനേജ്‌മെന്റ് പ്ലാന്‍.

 മൊത്തം വോട്ടര്‍മാര്‍ 1324387

 

ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം. ജില്ലയില്‍ 986172 വോട്ടര്‍മാരും കല്യാശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളിലായി 338215 വോട്ടര്‍മാരും ഉള്‍പ്പെടെ  ആകെ 1324387 വോട്ടര്‍മാരുമാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. ഈ മാസം 25 വരെ വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് അപേക്ഷിക്കാം. 

 

28 മുതല്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കും

 

ഈ മാസം 28 മുതല്‍ എപ്രില്‍ നാലുവരെ നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിക്കും. വരണാധികാരിയായ ജില്ലാ കളക്ടര്‍ മുന്‍പാകെയോ പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട ഉപ വരണാധികാരിയായ എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍മുന്‍പാകെയോ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശപത്രികയോടൊപ്പം സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലം ഫോം-26-ല്‍നല്‍കണം. ഉച്ചകഴിഞ്ഞ് മൂന്നുവരെ പത്രിക സ്വീകരിക്കും. പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിക്കൊപ്പം വരാണാധികാരിയുടെ ചേംബറില്‍ നാലുപേരെ മാത്രമേ അനുവദിക്കു. കളക്ടറേറ്റില്‍ 100 മീറ്റര്‍ പരിധിയില്‍ ഒരു വാഹനത്തിന് മാത്രമാകും പ്രവേശനം. 

 

ക്രിമിനല്‍ കേസുള്ളവര്‍ എപ്രില്‍ 12, 16, 21 തീയതികളില്‍ 

പത്ര പരസ്യം നല്‍കണം

 

എപ്രില്‍ 12, 16, 21 തീയതികളില്‍ ജില്ലാ വരണാധികാരി നിര്‍ദേശിച്ചിട്ടുള്ള പത്രങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം. പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് 500 രൂപ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കാം. 

 

ഉദ്യോഗസ്ഥര്‍ക്ക് ആദ്യഘട്ട പരിശീലനം 27, 28 തീയതികളില്‍ 

 

തെരഞ്ഞെടുപ്പില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനപരിപാടി ഈ മാസം 27, 28 തീയ്യതികളില്‍ തൃക്കരിപ്പൂര്‍, പെരിയ എന്നീ പോളിടെക്‌നിക് കോളേജുകളിലായി നടക്കും. ജില്ലയില്‍ 5228 പോളിംഗ് ഉദ്യോഗസ്ഥരെയാണ് ഈ തെരഞ്ഞെടുപ്പില്‍ ആവശ്യമായിട്ടുള്ളത്. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഒന്നാം പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കും. 

 

തെരഞ്ഞെടുപ്പിന് ഹരിതച്ചട്ടം 

 

ലോകസഭ തെരഞ്ഞെടുപ്പ് ഹരിതച്ചട്ടങ്ങള്‍ പാലിച്ചുനടത്തുന്നതിനു രാഷ്ട്രീയ പ്രതിനിധികളും സ്ഥാനാര്‍ത്ഥികളും ശ്രദ്ധിക്കണം. ഹരിതച്ചട്ടം പാലിക്കുന്നതു പരിശോധിക്കുന്നതിനു ശുചിത്വമിഷന്‍ കോര്‍ഡിനേറ്ററെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്.

പോസ്റ്റല്‍ വോട്ടല്‍ സൗകര്യം

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന വീഡിയോഗ്രാഫര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഡ്രൈവര്‍മാര്‍ ആര്‍ടിഒ നല്‍കുന്ന ഉത്തരവിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം, വരണാധികാരിക്ക് അപേക്ഷ നല്‍കണം.

 

ജില്ലയില്‍ 968 പോളിംഗ്  സ്റ്റേഷനുകള്‍ 

 

ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 968 പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മുഴുവന്‍ അടിസ്ഥാന  സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിന്‍, വിവിപാറ്റ്് എന്നിവ കരുതല്‍ സഹിതം ആദ്യഘട്ട പരിശോധന കഴിഞ്ഞ്  സജ്ജമാക്കി സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. ജില്ലയിലെ തെരഞ്ഞെടുപ്പിന്റെ സജ്ജീകരണത്തിനായി 18 നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. 

 

437 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു; സി വിജിലില്‍ 16 പരാതികള്‍

 

മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതു മുതല്‍ പരിശോധിക്കുന്നതിനായി എഡിഎമ്മിന്റെ നേതൃത്വത്തില്‍ ആറു സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതുവരെ 437 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതുജനങ്ങള്‍ക്ക് മാതൃകാപെരുമാറ്റം സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'സീ-വിജില്‍' എന്ന ആപ് പ്രവര്‍ത്തിക്കുണ്ട്. സി വിജിലില്‍ ലഭിക്കുന്ന പരാതികള്‍ നിശ്ചിത സമയമായ 100 മിനുട്ടിനകം പരിഹരിക്കുന്നുണ്ട്.   ഇതുവരെയായി 16 പരാതികള്‍ തീര്‍പ്പാക്കി.

 

കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാം

 

പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന എല്ലാ പരാതികളും വിളിച്ചറിയിക്കുന്നതിന് കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമായിട്ടുണ്ട്.  പരാതികള്‍ അടിയന്തരമായി പരിഹരിക്കും.   ഫോണ്‍:04994 255825, 04994 255676.

 

അംഗപരിമിതര്‍ക്ക് പ്രത്യേകം വാഹനം

 

ജില്ലയലെ അയ്യാരിത്തോളം വരുന്ന അംഗപരിമിതരായ വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാവിധ സൗകര്യങ്ങളും പോളിംഗ് ബൂത്തുകളില്‍ സജ്ജീകരിക്കും. അവരെ ബൂത്തുകളിലേക്ക് എത്തിക്കുന്നതിന് പ്രത്യേക വാഹനസൗകര്യവും വീല്‍ ചെയറുകളും ഏര്‍പ്പാടാക്കും. ബൂത്തുകളില്‍ റാമ്പ് സൗകര്യം ഏര്‍പ്പെടുത്തും. 15 ആംബുലന്‍സുകള്‍ ആവശ്യമായി വരും. 

 

ജില്ലയിലേക്ക് വരുന്ന വാഹനങ്ങള്‍ പരിശോധിക്കും

 

ജില്ലയിലെ അതിര്‍ത്തിയില്‍ 31 അന്തര്‍സംസ്ഥാന വഴികളുണ്ട്. ഇവയില്‍ വാഹന ഗതാഗതമുള്ള 17 സ്ഥലങ്ങളില്‍ അനധികൃത പ്രവേശനവും അതിര്‍ത്തി കടന്നുള്ള മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിന് പോലീസ്, വീഡിയോഗ്രാഫര്‍മാര്‍ എന്നിവരടങ്ങുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റിക് സര്‍വെയലന്‍സ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.  അതിര്‍ത്തി സംസ്ഥാനത്തിലെ കുടക്, ദക്ഷിണ കന്നട എന്നിവിടങ്ങളിലെ ജില്ലാ ഭരണാധികാരികളുടെയും, പോലീസ്, എക്‌സൈസ്, ഇന്‍കം ടാക്‌സ് മേധാവികളുടെയും സംയുക്ത യോഗം ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത് അനധികൃത കടന്നുകയറ്റം, കള്ളപ്പണം, മയക്കുമരുന്ന് എന്നിവ തടയുന്നതിനും കുറ്റവാളികളുടെ കൈമാറ്റം നടത്തുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കിവരുന്നു. 

 

 സ്വീപ് പ്രവര്‍ത്തനങ്ങള്‍ സജീവം; കളക്ടറേറ്റില്‍ ഡെമോ ഹട്ട് 

 

വോട്ടര്‍മാര്‍ക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനും അവര്‍ക്ക്  പ്രചോദനം നല്‍കുന്നതിനുമായി എസ്‌വിഇഇപി(സ്വീപ്)യുടെ  നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചുവരുന്നു. ഇവിഎം, വിവിപാറ്റ് എന്നിവ പരിചയപ്പെടുത്തുന്നതിനായി വോട്ടുവണ്ടി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം ആരംഭിച്ചു. ബൈക്ക് റാലി, പോസ്റ്റര്‍ രചന മത്സരം, തീരദേശ വോട്ടുയാത്ര, തെരുവു നാടകങ്ങള്‍, ഹ്രസ്വ ചലച്ചിത്രം, കൂട്ടയോട്ടം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളില്‍ സ്വീപ് പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കും.  വോട്ട് ചെയ്യുന്നതിനും വിവിപാറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും കളക്ടറേറ്റില്‍ ഡെമോ ഹട്ട് പ്രവര്‍ത്തനം ആരംഭിച്ചു.

സമാധാന പൂര്‍ണ്ണമായ തെരഞ്ഞെടുപ്പിനായി എല്ലാ വിഭാഗം ജനങ്ങളുടെയും ആത്മാര്‍ത്ഥമായ സഹകരണം ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

 

date