Skip to main content

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിന്  സംവിധാനം നിലവില്‍ വന്നു

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം എന്നിവ നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനും അധികമായി മദ്യം, പണം എന്നിവ കടത്തുന്നത് നിരീക്ഷിക്കുന്നതിനും പണവിതരണം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുമായി രൂപീകരിച്ചിട്ടുള്ള സ്‌ക്വാഡുകള്‍ ജില്ല മുഴുവന്‍ പരിശോധന നടത്തും. ജില്ലാകലക്ടര്‍  എച്ച്. ദിനേശന്‍, നോഡല്‍ ആഫീസറായ ഫിനാന്‍സ് ആഫീസര്‍ അജി ഫ്രാന്‍സിസ്, എ.ഡി.എം അനില്‍ ഉമ്മന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജോസ് ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് അംഗങ്ങള്‍ക്ക്  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പോലീസ് ആഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉള്‍പ്പെടെ ഒരു മണ്ഡലത്തില്‍ രണ്ട് ഫ്‌ളയിംഗ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ പദവി നല്‍കിയിട്ടുണ്ട്. സ്റ്റാറ്റിക്  സര്‍വെയലന്‍സ് ടീമില്‍ എക്‌സിക്യൂട്ടീവ് മജസിട്രേറ്റ് കൂടിയായ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍, ഒരു വീഡിയോഗ്രാഫര്‍  എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ക്വാഡുകളുടെ വാഹനത്തില്‍ ജി.പി.എസ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ നിയോജക മണ്ഡലത്തിലും മുഴുവന്‍ സമയവും പര്യടനം നടത്തി തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് നോഡല്‍ ഓഫീസര്‍ക്ക് അതതു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നതിന് സ്‌ക്വാഡ് തലവന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രദമായി നടത്തുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും തയ്യാറായിട്ടുള്ളതായി ജില്ലാകലക്ടര്‍ അറിയിച്ചു.

date