Skip to main content

നാമനിർദ്ദേശ പത്രിക സമർപ്പണം: രണ്ടാം ദിനം മൂന്നു പേർ പത്രിക നൽകി

ആലപ്പുഴ :ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു തുടങ്ങി. പത്രിക സമർപ്പണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ആലപ്പുഴ ,മാവേലിക്കര മണ്ഡലങ്ങളിൽ മത്സരിക്കുന്ന രണ്ടു സ്ഥാനാർഥികളാണ്  വരണാധികാരിയായ ജില്ല കളക്ടർ മുമ്പാകെ പത്രിക സമർപ്പിച്ചത്. ആലപ്പുഴ മണ്ഡലത്തിൽ മത്സരിക്കുന്ന തുറവൂർ സുരേഷും, മാവേലിക്കര മണ്ഡലത്തിൽ മത്സരിക്കുന്ന ഡി .അജിയുമാണ് ഇന്നലെ പത്രിക നൽകിയത്. ഇരുവരും ഡി.എച്ച്.ആർ.എം. പ്രതിനിധികളാണ്. 

മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ മൽസരിക്കുന്ന മറ്റൊരു സ്ഥാനാർഥി വിമൽജിയും ഇന്നലെ പത്രിക നൽകി.  ഉപവരണാധികാരിയായ ചെങ്ങന്നൂർ ആർ.ഡി.ഒ.  അലക്സ് ജോസഫ് മുമ്പാകെയാണ് പത്രിക നൽകിയത്.  എസ്.യു.സി.ഐ( കമ്മ്യൂണിസ്റ്റ് ) പാർട്ടി പ്രതിനിധിയാണ് വിമൽജി. 

ഏപ്രിൽ നാലിനാണ് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി. രാവിലെ 11 മുതൽ വൈകീട്ട് മൂന്നു വരെയാണ് പത്രിക സമർപ്പണത്തിനുള്ള സമയം. അഞ്ചിന് സൂക്ഷ്മപരിശോധന നടത്തും. ഏപ്രിൽ എട്ടിന് വൈകീട്ട് മൂന്നുവരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. 

date