തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍: മാധ്യങ്ങള്‍ എന്തൊക്കെ ശ്രദ്ധിക്കണം; ബോധവത്ക്കരണവുമായി സെമിനാര്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വാര്‍ത്തകളും പരസ്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടെയുള്ള ദൃശ്യ-ശ്രവ്യമാധ്യമങ്ങളും പത്രങ്ങളും എന്തൊക്കെ ശ്രദ്ധിക്കണമെന്നു വ്യക്തമാക്കി പെയ്ഡ് ന്യൂസ് ബോധവത്ക്കരണ സെമിനാര്‍. ചട്ടങ്ങള്‍ പാലിക്കാതെ വാര്‍ത്തകളും പരസ്യങ്ങളും നല്‍കിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ സെമിനാറില്‍ വിദ്ഗധര്‍ വിശദീകരിച്ചു. മാധ്യങ്ങളില്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങ ളും ചര്‍ച്ചയായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കളക്ടറേറ്റില്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി(എം.സി.എം.സി)യുടെ ആഭിമുഖ്യത്തിലാണ് പെയ്ഡ് ന്യൂസ് ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെയ്ഡ് ന്യൂസുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കല്‍, മാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കല്‍ എന്നിവയാണ് എം.സി.എം.സി യുടെ പ്രധാന ചുമതലകള്‍. പണമോ ആനൂകൂല്യങ്ങളോ കൈപ്പറ്റി ഏതെങ്കിലും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഏതു വാര്‍ത്തയും അവലോകനവും പെയ്ഡ് ന്യൂസായി പരിഗണിക്കാവുന്നതാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍വചിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് സെമിനാറിന് തുടക്കമായത്. 2004-ലെ സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എം.സി.എം.സിക്ക് തുടക്കം കുറിച്ചതുമുതല്‍ സോഷ്യല്‍ മീഡിയകളിലൂടെ വരുന്ന പെയ്ഡ് ന്യൂസിനെക്കുറിച്ചുവരെ സെമിനാര്‍ ചര്‍ച്ച ചെയ്തു.
എങ്ങനെയാണ് എം.സി.എം.സിയുടെ പ്രവര്‍ത്തനം, പെയ്ഡ് ന്യൂസിന്റെ സാധ്യതകള്‍ എന്തൊക്കെ, എം.സി.എം.സിയുടെ അംഗീകാരമില്ലാതെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്താല്‍ നേരിടേണ്ടി വരുന്ന നടപടികള്‍, പരസ്യങ്ങള്‍ക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട രേഖകള്‍, സ്ഥാനാര്‍ഥികളെക്കുറിച്ച് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ കൊടുത്താലുള്ള നിയമപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചയായി.
കാസര്‍കോട് ആര്‍ഡിഒ:പി.എ അബ്ദു സമദ്, ജില്ലാ ലോ ഓഫീസര്‍ കെ.പി ഉണ്ണിക്കൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.രാജന്‍, എംസിഎംസി മെമ്പര്‍ ജി.ബി വത്സന്‍, റിട്ട.അഡീഷണല്‍ ലോ സെക്രട്ടറി എം.സിതാരാമ എന്നിവര്‍ സെമിനാ റില്‍ പ്രഭാഷണങ്ങള്‍ നടത്തി.
- Log in to post comments