എല്ലാവരും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകണം: ജില്ലാ കളക്ടര്‍
എല്ലാ പൗരന്മാരും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകണമെന്ന് ജില്ലാ കളക്ടറും, തെരഞ്ഞെടുപ്പ് ഓഫീസറുമായ പി ബി നൂഹ് പറഞ്ഞു. വോട്ടര്‍ ബോധവത്കരണ പദ്ധതിയായ സ്വീപ്പിനോടനുബന്ധിച്ച മലയാലപ്പുഴ മുസലിയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തിന് തുടക്കം കുറിച്ച് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നത് ജനങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാനാണെന്നും അതിനാല്‍ ഒരു വോട്ടും പാഴാക്കരുതെന്നും കളക്ടര്‍ പറഞ്ഞു. വോട്ടു ചെയ്യുക എന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ഓരോ പൗരന്റെയും കടമയാണെന്നെും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി മാതൃകാ പോളിംഗ് ബൂത്ത്, വിവിപാറ്റ് മെഷീന്‍ പ്രവര്‍ത്തനം എന്നിവ ഉദ്യോഗസ്ഥര്‍ പരിചയപ്പെടുത്തി.
തെരഞ്ഞെടുപ്പ് പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സ്വീപ്പിന്റെ പ്രവര്‍ത്തനം. വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്നതിനും വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിലേക്കുമായി ഇലക്ഷന്‍ കമ്മീഷന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സ്വീപ്. സ്വീപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയിലുടനീളം തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ക്വിസ് കേരള കാലിക്കറ്റ് എന്ന സംഘടനയാണ് ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കിയത്. ക്വിസ് മാസ്റ്റര്‍ ലിഞ്ജു സച്ചി ക്വിസ് മത്സരം നയിച്ചു. രണ്ടു പേരടങ്ങുന്നതായിരുന്നു ടീം. രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ നിരവധി കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 120 പൊയിന്റുകളോടെ ടി കെ എം എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളായ വി. ആര്‍ ശരത്ത്, അക്ഷയ് റെജി എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥികളായ വിഷ്ണു മഹേഷ്, എ. ജെ രക്ഷിത് എന്നിവര്‍ രണ്ടും, തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളജിലെ വി.ആര്‍ അനന്തു, അലക്സ് ഡേവിഡ് എന്നിവര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. മത്സരവിജയികള്‍ക്ക് സമ്മാനതുകയും, പ്രശസ്തി പത്രവും ജില്ലാ കളക്ടര്‍ പി ബി നൂഹും, ജില്ലാ പോലീസ് മേധാവി ജി ജയദേവും നല്‍കി. എഡിസി ജനറലും, സ്വീപ്പ് നോഡല്‍ ഓഫീസറുമായ കെ കെ വിമല്‍ രാജ്, കോന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍ സജി കുമാര്‍, മുസലിയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ ഡോ എ എസ് അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു. (ഇലക്ഷന്‍: 154/19)
- Log in to post comments