Skip to main content

സി വിജില്‍ മുഖേനയുള്ള പരാതികളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണം: തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് നിര്‍ദേശം

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് സി-വിജില്‍ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടിയെടുക്കുമെന്നും നിരീക്ഷകര്‍ വ്യക്തമാക്കി. കാലിക്കറ്റ് യൂനിവേഴ്സിറ്റി സെമിനാര്‍ കോംപ്ലക്സില്‍  പൊന്നാനി മണ്ഡലത്തിലെ പൊതുനിരീക്ഷകന്‍ ചന്ദ്രകാന്ത് ഒയ്കെ ,പോലീസ് നിരീക്ഷകന്‍  ഡോ: എസ് ശാരങ്കന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നിരീക്ഷണ നടപടികള്‍ സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയത്. മുഴുവന്‍ ഒബ്സര്‍വര്‍മാരും 24 മണിക്കൂറും ചുമതലയുള്ള മണ്ഡലങ്ങളില്‍ സജീവമാകണമെന്നും മാതൃകാപെരുമാറ്റച്ചട്ടലംഘനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും നിരീക്ഷകര്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദ്ണഡങ്ങള്‍ പാലിച്ചിട്ടാണോ നടത്തുന്നതെന്ന് ഉറപ്പുവരുത്തണമെന്നാണ് മറ്റൊരു നിര്‍ദേശം.
അവലോകനയോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ: ജെ.ഒ അരുണ്‍, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ അനില്‍കുമാര്‍, എ.ഡി.എം ടി വിജയന്‍, ചാമിക്കുട്ടി എന്നിവര്‍ സംസാരിച്ചു. പെരിന്തല്‍മണ്ണ, മലപ്പുറം, തിരൂര്‍ ഡി.വൈ.എസ്.പിമാര്‍, എ.ആര്‍.ഒമാര്‍, നോഡല്‍ ഓഫീസര്‍മാര്‍, സ്‌ക്വാഡ് ടീം ലീഡര്‍മാര്‍, ഫീല്‍ഡ് തല പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

 

date