തല്‍സ്ഥിതി വിവരങ്ങള്‍ക്ക് മൊബൈല്‍ ആപ്പ് സംവിധാനം
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങളുടെ തല്‍സ്ഥിതി അറിയുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്പ് സംവിധാനവുമായി ജില്ലാ ഭരണകൂടം. വോട്ടെടുപ്പ് ദിവസവും, തലേ ദിവസവും പ്രധാന വിവരങ്ങള്‍ വളരെ വേഗം അറിയുന്നതിനായാണ് പോള്‍ മാനേജര്‍ എന്ന പ്രത്യക മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുളളത് .സെക്ടറല്‍ ഓഫീസര്‍, പോളിംഗ്് ഓഫീസര്‍, എആര്‍ഒമാര്‍, ഇആര്‍ഒമാര്‍ എന്നിവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പോള്‍ ആപ്ലിക്കേഷന്‍ ആപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പില്‍ മുന്‍കൂട്ടി നിയോഗിച്ചിട്ടുളള 19 ചോദ്യാവലികളാണുളളത്. പോളിംഗ് സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പുറപ്പെടുന്നത് മുതല്‍ തിരിച്ചെത്തുന്നത് വരെയുളള വിവരങ്ങള്‍ ഇതുവഴി രേഖപ്പെടുത്താം. ഒരു ഉദ്യോഗസ്ഥന്‍ വിതരണ കേന്ദ്രത്തില്‍ നിന്നും പോളിംഗ് സാമഗ്രികളുമായി പുറപ്പെട്ടാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക ഈ ആപ്പിന്റെ ഉപയോഗം മുഖേന ഉദ്യോഗസ്ഥന്‍ ബൂത്തിലെത്തിയോ എന്ന വിവരം അറിയാന്‍ കഴിയും. കൂടാതെ, വോട്ടെടുപ്പിന് തടസങ്ങള്‍ നേരിട്ടാലും ആപ്പ് മുഖേന അറിയാം.
നിലവില്‍ ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ലഭിക്കുക. ഓരോ മണിക്കൂര്‍ ഇടവിട്ട് എത്ര പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ വോട്ട് ചെയ്തുവെന്ന വിവരങ്ങള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ കഴിയും. ബൂത്തുകളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് തന്നെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നതിനുളള സംവിധാനം വിതരണ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ ഇന്റര്‍നെറ്റ് സൗകര്യത്തിനായി ഡേറ്റാ ബാലന്‍സ് ഉറപ്പ് വരുത്തണം. ജില്ലാ, താലൂക്ക് തലങ്ങളിലുളള ഉദ്യോഗസ്ഥര്‍ക്ക് ഈ സംവിധാനം പ്രയോജപ്പെടുത്താം. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഈ ആപ്പില്‍ ലോഗിന്‍ ചെയ്യാം. (ഇലക്ഷന്‍: 168/19)
- Log in to post comments