Skip to main content

ലോക്‌സഭാ ഇലക്ഷന്‍ 2019 വോട്ട് വണ്ടി പര്യടനം തുടങ്ങി

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം സ്വീപ്പിന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ സജ്ജമാക്കിയിട്ടുള്ള വോട്ടുവണ്ടി ജില്ലയില്‍ പര്യടനം തുടങ്ങി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ സഹദേബ്ദാസ് ഐഎഎസും ജില്ലാ കളക്ടര്‍ പി.ബി.നൂഹും ചേര്‍ന്ന് വോട്ടുവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. 

കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം എന്ന ആശയം പകര്‍ന്നാണ് വോട്ടുവണ്ടിയുടെ യാത്രയെന്ന് തെരഞ്ഞെടുപ്പ് പൊതുനിരീക്ഷന്‍ സഹദേബ് ദാസ് ഐഎഎസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും  തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജില്ലയുടെ വിവിധ ഇടങ്ങളില്‍ വോട്ടുവണ്ടി പര്യടനം നടത്തുമെന്നും ജില്ലാ കള്കടര്‍ പി.ബി.നൂഹ് പറഞ്ഞു.  ഇന്നലെ മുതല്‍ അഞ്ചു ദിവസമാണ് വോട്ടു വണ്ടി മണ്ഡലങ്ങളില്‍ യാത്ര നടത്തുക. ഹരിത പെരുമാറ്റച്ചട്ടം പാലിക്കുക, തെരഞ്ഞെടുപ്പില്‍ എല്ലാവരും നിര്‍ബന്ധമായും സമ്മതിദാനാവകാശം വിനിയോഗിക്കുക, ഹരിത തെരഞ്ഞെടുപ്പ് തുടങ്ങിയ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ്  വോട്ടു വണ്ടി യാത്രയുടെ ലക്ഷ്യം. വോട്ട് ചെയ്ത് പരിചയപ്പെടുന്നതിനുള്ള  സംവിധാനം വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങള്‍ നടത്തുന്നതിനും വി വി പാറ്റ്  മെഷ്യന്‍ പരിചയപ്പെടുന്നതിനും  വോട്ടു വണ്ടിയില്‍   സൗകര്യം ഉണ്ട്. ശുചിത്വമിഷന്റെ ഹരിതസന്ദേശമടങ്ങിയ ലഘുലേഖകളും നോട്ടീസുകളും വോട്ടുവണ്ടി വിതരണം ചെയ്യും.

സ്വീപ്പ് നോഡല്‍ ഓഫീസറും എ ഡി സി ജനറലുമായ  കെ കെ വിമല്‍രാജ്, ഹരിത തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസറും ജില്ലാശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ കെ.രശ്മിമോള്‍, സ്വീപ്പ് ആറന്മുള നോഡല്‍ ഓഫീസര്‍ സാം പി തോമസ് തുടങ്ങിയവര്‍  പങ്കെടുത്തു.                    (ഇലക്ഷന്‍: 171/19)

date