പത്തനംതിട്ട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുതലക്കാരും അവരുടെ ചുമതലകളും
വരണാധികാരി (റിട്ടേണിംഗ് ഓഫീസര്‍)
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.ബി.നൂഹാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിന്റെ വരണാധികാരി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ചുമതലകളും ഏകോപിപ്പിക്കുന്നതും അദ്ദേഹം തന്നെ. ജില്ലാ കളക്ടറായ പി.ബി. നൂഹ് പത്തനംതിട്ട മണ്ഡലത്തില്‍ ഓടിനടന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ നടപടികള്‍ സമയബന്ധിതമായി കൈക്കൊള്ളുകയും ചെയ്യുന്നു. ഒരു പിഴവുപോലും വരരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ഉദേ്യാഗസ്ഥ പടയെ അദ്ദേഹം നയിക്കുന്നത്. ഒരേ സമയം നിരവധി കാര്യങ്ങള്‍ ഏകോപിപ്പിക്കുകയെന്ന വലിയ വെല്ലുവിളയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ളത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, ജില്ലയിലെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍, തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍, പരിശീലനം, അടിസ്ഥാന സൗകര്യങ്ങള്‍, പ്രചാരണം, വോട്ടര്‍ ബോധവത്ക്കരണം, സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ നൂല്‍പ്പാലത്തിലൂടെ സൂക്ഷ്മതയോടെയുള്ള ഓട്ടമാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടേത്. സംസ്ഥാന അതിര്‍ത്തി കടന്നെത്താന്‍ സാധ്യതയുള്ള ഇരട്ട വോട്ട് തടയുന്നതിനൊപ്പം തെരഞ്ഞെടുപ്പിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ജില്ലാ കളക്ടറാണ്.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍
വരണാധികാരിക്ക് തൊട്ടുതാഴെയാണ് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ സ്ഥാനം. നാമനിര്‍ദേശ പത്രിക സമര്‍പ്പണം മുതല്‍ വോട്ടെണ്ണല്‍വരെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂര്‍ണ നിയന്ത്രണം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കാണ്. അഹോരാത്രം ഈ ചുമതല നിര്‍വഹിച്ച് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സന്തോഷ്‌കുമാറും കര്‍മനിരതനാണ്. സൂപ്രണ്ടുമാരും ക്ലാര്‍ക്കുമാരും ടൈപ്പിസ്റ്റുമടക്കം ഒരു ഡസനിലധികം ഉദ്യോഗസ്ഥരും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണംവരെ ഈ ഓഫീസില്‍നിന്നുമാണ് നിയന്ത്രിക്കപ്പെടുന്നത്. ഞായറാഴ്ചകളും രണ്ടാം ശനിയുമെന്നല്ല, ഇത്തവണ വിഷുവും ഈസ്റ്ററുമൊന്നും ഇവര്‍ക്ക് ആഘോഷിക്കാനാവില്ല. ഫലപ്രഖ്യാപന ദിവസം വരെ ഇവര്‍ക്ക് നോണ്‍സ്‌റ്റോപ് ജോലിതന്നെ.
ഉപ വരണാധികാരികള്‍ (അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍)
പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി, തിരുവല്ല, അടൂര്‍, ആറന്മുള, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം. ഈ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമായി ഏഴ് പേര്‍ വരണാധികാരികള്‍ (അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍) ആയി പ്രവര്‍ത്തിച്ചുവരുന്നു. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് വരണാധികാരി തസ്തികയില്‍ വരുന്നത്. ഓരോ നിയോജകമണ്ഡലത്തിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നത് ഇവരാണ്.
തെരഞ്ഞെടുപ്പ് നിരീക്ഷകര്‍
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നിരീക്ഷകരെ അയയ്ക്കുന്നത്. പൊതുനിരീക്ഷണം, ചെലവ് നിരീക്ഷണം, പൊലീസ് നിരീക്ഷണം തുടങ്ങി ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതു നിരീക്ഷിക്കാനായും ഓരോ ചുമതലക്കാര്‍ ഉണ്ടാകും. പൊതുനിരീക്ഷകനായി സഹദേബ് ദാസ് ഐഎസും പോലീസ് നിരീക്ഷകയായി സൊണാല്‍ ചന്ദ്ര ഐപിഎസും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായി രാജ്കുമാര്‍ കേന്ദ്രെ ഐഎആര്‍എസും പ്രവര്‍ത്തിച്ചുവരുന്നു.
സെക്ടറല്‍ ഓഫീസര്‍മാര്‍
പോളിംഗ് സ്‌റ്റേഷന്‍ ഒരുക്കുക, തങ്ങളുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ അടക്കം കൈകാര്യം ചെയ്യുക, വോട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുക, വോട്ടിംഗ് യന്ത്രം കേടായാല്‍ പുതിയ യന്ത്രം എത്തിക്കുക തുടങ്ങി പോളിംഗ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട ജോലികളെല്ലാം ഈ വിഭാഗം ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്യുന്നത്. വോട്ടിംഗ് ദിവസം നിശ്ചിത ഇടവേളകളില്‍ വോട്ടിംഗ് നില തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയെന്ന ചുമതലയും ഇവര്‍ക്കുണ്ട്. ഒരു സെക്ടറില്‍ 10 പോളിംഗ് ബൂത്തുകളാണുള്ളത്. 10 ല്‍ കൂടുതല്‍ ബൂത്തുള്ള സെക്ടറുകളില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരേയും നിയമിക്കും.
(ഇലക്ഷന്‍: 173/19)
- Log in to post comments