Skip to main content

തെരഞ്ഞെടുപ്പ്  വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി

 

 

 

   ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇ.വി.എം-വിവിപാറ്റ്  യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗാണ്  കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ ഏപ്രില്‍ 22ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു കൈമാറും.തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍,എഞ്ചിനിയര്‍മാര്‍  തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കമ്മീഷനിംഗ്. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്നതാണ് ഇ.വി.എം കമ്മീഷനിംഗ് പ്രക്രിയ. വിവിപാറ്റിലും സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ ഫീഡ് ചെയ്ത ശേഷം പ്രിന്റ് ചെയ്യാനുള്ള പേപ്പര്‍ ലോഡ് ചെയ്ത് സീല്‍ ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പോളിങ് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തിന്റെ ഭാഗമായി മോക് പോളിങ്ങും നടന്നു. ജില്ലയില്‍ 215 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 

 

കമ്മീഷന്‍ ചെയ്യുന്ന വിധം:

· ബാലറ്റ് യൂണിറ്റിന്റെ കാരിയിങ് കേസിലെ നമ്പറും മെഷീനിലെ നമ്പറും ഒന്നുതന്നെയാണെന്ന് ഉറപ്പാക്കും. 

· ബാലറ്റ് യൂണിറ്റ് തുറന്ന് റിട്ടേണിങ് ഓഫിസര്‍ ഒപ്പിട്ട ബാലറ്റ് പേപ്പര്‍ ക്രമമനുസരിച്ച് യൂണിറ്റില്‍ ഉറപ്പിക്കും. 

· ബാലറ്റ് സെക്ഷന്‍ ടെയ്‌നും അഡ്രസ് ടാഗും ഉപയോഗിച്ച് സീല്‍ ചെയ്യും. 

· ഒന്നാമത്തെ ബാലറ്റ് യൂണിറ്റിന്റെ സ്ലെഡ് സ്വിച്ച് ഒന്നിലും രണ്ടാമത്തെ യൂണിറ്റിന്റെ സ്ലെഡ് സ്വിച്ച് രണ്ടിലും ക്രമീകരിക്കും. 

· സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ചുള്ള ബട്ടനുകള്‍ മാത്രം തുറന്നുവയ്ക്കും. ബട്ടനുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്നു പരിശോധിക്കും. 

· ബാലറ്റ് യൂണിറ്റിന്റെ ഇരുവശവും അഡ്രസ് ടാഗ് ഉപയോഗിച്ച് സീല്‍ ചെയ്യും. 

· ബാലറ്റ് പേപ്പര്‍ പിങ്ക് പേപ്പര്‍ ഉപയോഗിച്ച് സീല്‍ ചെയ്യും. പിങ്ക് പേപ്പര്‍ സീലില്‍ എന്‍ജിനീയര്‍മാര്‍ നിര്‍ബന്ധമായും സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ പ്രതിനിധികള്‍ എന്നിവര്‍ താല്‍പര്യപ്പെടുന്ന പക്ഷം ഒപ്പുവയ്ക്കാം. 

· ബാലറ്റ് യൂണിറ്റുകള്‍ക്ക് മുകളിലായി ബ്രെയിന്‍ ലിപിയിലുള്ള സ്റ്റിക്കര്‍ പതിക്കും. 

date