Skip to main content

സ്വീപ് വിഭാഗത്തിന്റെ സമാപന മെഗാഷോ 20ന് തൊടുപുഴയില്‍

 

 

ലോക്സഭാ ഇലക്ഷന്‍ 2019 മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വീപ്  വിഭാഗത്തിന്റെ ഇടുക്കി മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളുടെ സമാപന പരിപാടിയായി മെഗാഷോ ഏപ്രില്‍ 20ന് വൈകിട്ട് 4 മണിക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സംഘടിപ്പിക്കും. സുപ്രസിദ്ധ ചലച്ചിത്ര താരം അബു സലിം മെഗാഷോ ഉദ്ഘാടനം നിര്‍വഹിക്കും. 'എന്റെ വോട്ട് എന്റെ അവകാശം' എന്ന സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന പരിപാടിയില്‍ ജില്ലയിലെ എല്ലാ വകുപ്പ് തലവന്‍മാരും ഓഫീസ് മേധാവികളും ജീവനക്കാരും പങ്കെടുക്കും.

ജില്ലാ ഭരണകൂടവും ജില്ലാ പോലീസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ്  പോലീസ് കേഡറ്റുകളുടെ 'വോട്ട് എന്റെ അവകാശം' എന്ന സ്‌കിറ്റും ഫ്ളാഷ് മോബും മെഗാഷോയോടനുബന്ധിച്ച് നടക്കും. ബൈക്ക് റാലി, തൊടുപുഴ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷനിലെ കുട്ടികളുടെ മ്യൂസിക് ബാന്‍ഡ് ആയ 'ബെന്‍ ബാന്‍ഡി'ന്റെ  വിവിധ കലാപരിപാടികളും ഗാനമേള, ഓട്ടന്‍തുള്ളല്‍,  പ്രശസ്ത ജൂനിയര്‍ മജീഷ്യന്‍ വെങ്കിടേഷ് അവതരിപ്പിക്കുന്ന മാജിക് ഷോ തുടങ്ങിയവ മെഗാഷോയില്‍ അരങ്ങേറും. കൂടാതെ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ടിനു ടെല്ലന്‍സ്,  സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായിക അശ്വതി വിജയന്‍, ചാനല്‍ റിയാലിറ്റി ഷോയിലെ തൊടുപുഴയുടെ ഗായികയായ ആവണി ഹരീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, സബ് കളക്ടര്‍ രേണു രാജ്, സൂപ്രണ്ട് ഓഫ് പോലീസ് കെ ബി  വേണുഗോപാല്‍, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍,  റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം. പി വിനോദ്, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് മുഹമ്മദ് ഷാഫി, തൊടുപുഴ തഹസില്‍ദാര്‍ വിനോദ് രാജ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. 

date