വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 79.87 ശതമാനം പോളിംഗ്
ജനാധിപത്യത്തിന്റെ ശക്തി വിളിച്ചോതിയ വിധിയെഴുത്ത് ദിനത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കനത്ത പോളിംഗ്. ഇന്നലെ രാത്രി ഒമ്പതുവരെ 10,84,558 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 79.87 ശതമാനം പോളിംഗ്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ആകെ 13,57,819 വോട്ടര്‍മാരില്‍ 6,73,011 പേര്‍ പുരുഷന്മാരും 6,84,807 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 5,25,948 പുരുഷന്മാരും 5,58,610 സ്ത്രീകളും വോട്ട് ചെയ്തു. വയനാട്ടിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും തിരുവമ്പാടി, ഏറനാട് മണ്ഡലങ്ങളിലും 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്-81.77 ശതമാനം. കുറവ് വണ്ടൂര്‍ മണ്ഡലത്തിലാണ്-77.35. കഴിഞ്ഞ തവണ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 71.95 ശതമാനമായിരുന്നു പോളിംഗ്.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 5,94,177 പേര്‍ ജില്ലയില്‍ നിന്നും 7,63,642 പേര്‍ തിരുവമ്പാടി, വണ്ടൂര്‍,നിലമ്പൂര്‍,ഏറനാട് നിയോജകമണ്ഡലത്തില്‍ നിന്നുമാണ്. ഇരുപത് സ്ഥാനാര്‍ത്ഥികളായിരുന്നു വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്. ആകെ 1311 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. ഏറ്റവും കൂടുതല്‍ ബത്തേരി നിയോജക മണ്ഡലത്തിലായിരുന്നു. 215 എണ്ണമാണ് ഇവിടെ തയ്യാറാക്കിയത്.
- Log in to post comments