Skip to main content

വോട്ട് ചെയ്യാനെത്തിയവർക്ക് പുത്തൻ അനുഭവമായി മാതൃക പോളിങ് ബൂത്തുകൾ

ആലപ്പുഴ: വോട്ട് ചെയ്യാൻ എത്തിയവർക്ക് വ്യത്യസ്തമായ അനുഭവമാണ് മാതൃക പോളിങ് സ്റ്റേഷനുകളിൽ ഒരുക്കിയിരുന്നത്. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ മാന്നാർ നായർ സമാജം സ്‌കൂൾ,  കുട്ടംപേരൂർ ശ്രീ കാർത്തിയായനി വിലാസം ഹൈസ്‌കൂൾ, ഗവ. യു.പി. ഗേൾസ് സ്‌കൂൾ കിഴക്കേനട, ജൂനിയർ ബേസിക്ക് സ്‌കൂൾ തോനക്കാട്, ജൂനിയർ ബേസിക്ക് സ്‌കൂൾ ഉൾപ്പടെ ജില്ലയിൽ  45 കേന്ദ്രങ്ങളിലാണ് മാതൃക ബൂത്തുകൾ സജ്ജമാക്കിയിരുന്നത്. ഓരോ നിയോജകമണ്ഡലത്തിലും അഞ്ചു വീതം ബൂത്തുകളെയാണ് ഇത്തരത്തിൽ മാതൃക ബൂത്തുകളാക്കിയത്. വോട്ട് ചെയ്യാനെത്തുന്നവർക്ക്  ഫാൻ- കൂളർ സൗകര്യങ്ങളോട് കൂടിയ വിശ്രമ മുറി, കുടിവെള്ള സൗകര്യം, ദിശാസൂചകങ്ങൾ, ശുചിമുറികൾ,  മുതിർന്നപൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി സഹായികൾ എന്നിവയും ഇവിടെ ഒരുക്കിയിരുന്നു.  ആദ്യമായി സമ്മതിദാന അവകാശം രേഖപ്പെടുത്താൻ എത്തിയവരുൾപ്പെടെ മികച്ച അഭിപ്രായമാണ് മാതൃക പോളിങ് സ്റ്റേഷനുകളെക്കുറിച്ച് പറയാനുള്ളത്.

 

 

 

രാവിലെയെത്തി ജനനായകർ

 

ആലപ്പുഴ : ജില്ലയിൽ നിന്നുള്ള ജനനേതാക്കൾ കുടുംബലസമേതമെത്തി വോട്ടു ചെയ്തു. ജില്ലയിൽ നിന്നുള്ള  മൂന്നു മന്ത്രിമാരും പ്രതിപക്ഷനേതാവും  ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനും ഉൾപ്പടെയുള്ള ജനനായകർ, ആദ്യകേരള മന്ത്രിസഭയിലെ വനിത പ്രതിനിധി തുടങ്ങി ജില്ലയുടെ ജനനായകരെല്ലാം രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. നൂറാം വയസിലും ആദ്യവോട്ടിന്റെ ആവേശത്തോടെയാണ് ഗൗരിയമ്മ എസ്.ഡി.വി. സ്‌കൂളിലെ 206-ാം നമ്പർ ബൂത്തിൽ ബന്ധുക്കൾക്കൊപ്പം വോട്ടുചെയ്യാനെത്തിയത്. 

പറവൂർ  ഗവ. എച് എസ് പറവൂരിലെ 87-ാം   നമ്പർ ബൂത്തിൽ പൊതുമരാമത്തുമന്ത്രി ജി സുധാകരൻ രാവിലെ ഏഴിന് ബൂത്തിലെ ആദ്യവോട്ടു തന്റേതാക്കി. ഭാര്യ ജൂബിലി നവപ്രഭ, മകൻ നവനീത് എന്നിവർക്കൊപ്പമാണ് മന്ത്രി വോട്ടുചെയ്യാനെത്തിയത്.  ധനമന്ത്രി  ഡോ.ടി.എം തോമസ് ഐസക്ക് ആലപ്പുഴ എസ്.ഡി.വി  ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ രാവിലെ ഒമ്പതോടെ  വോട്ടു ചെയ്തു.

ഭക്ഷ്യമന്ത്രി പി.തിലോത്തമൻ അഴീപറമ്പ് വി.വി. ഗ്രാമത്തിലെ ഉത്പാദന പരിശീലന കേന്ദ്രത്തിലെ  106-ാം ബൂത്തിൽ രാവിലെ തന്നെ വോട്ടു ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുടുംബവും തൃപ്പെരുന്തുറ ഗവ.യു.പി.സ്‌കൂളിലെ 152-ാം ബൂത്തിൽ കുടുംബത്തോടൊപ്പമെത്തിയാണ് രാവിലെ തന്നെ വോട്ടു ചെയ്തത്.  കേരള ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ പറവൂർ  ഗവ. എച്.എസിലം 86-ാം  ബൂത്തിൽ  വോട്ടുചെയ്തു. മകൻ അരുൺ കുമാറിന്റെ സഹായത്തോടെയാണ് വോട്ട് ചെയ്യാൻ എത്തിയത്. സംവിധായകൻ ഫാസിലും മകൻ ഫഹദ് ഫാസിലും  സെന്റ് സെബാസ്റ്റൻസ് എൽ. പി.സ്‌കൂളിലെ 209-ാം ബൂത്തിൽ  വോട്ടു രേഖപ്പെടുത്തി. 

 

date