വോട്ടിംഗ് സമാധാനപരമാക്കാൻ കേന്ദ്ര പോലീസ് സേനയും
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നത് ലക്ഷ്യമിട്ട് ജില്ലയിലെ പോളിങ് ബൂത്തുകളിൽ വിവിധ കേന്ദ്ര സേനകളെ വിന്യസിച്ചിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള നാല് കമ്പനി സേനയെ ആണ് ജില്ലയിൽ വിന്യസിച്ചിട്ടുള്ളത്. ഇൻസാസ് 9എംഎം, എ.കെ. 47, വിവിധ ഇനം കത്തികൾ തുടങ്ങി അത്യാധുനിക ആയുധങ്ങളാണ് ഇവരുടെ പക്കൽ ഉള്ളത്. നിയോഗിക്കപ്പെട്ട ഓരോ പോളിങ് ബൂത്തിലും ഒരു മേജറിന്റെ കീഴിലാണ് ഇവരുടെ പ്രവർത്തനം. മേജർ ഫാനിൻഡർ റബ, റുസോൺ തമാങ്, സജയ് കച്ചാരി, സുരേസ് തമാങ് എന്നിവരായിരുന്നു കൈനകരി ഹോളി ഫാമിലി ഗേൾസ് സ്കൂളിലെ 12,13 ബൂത്തുകളിലെ സുരക്ഷ ഉറപ്പാക്കിയിരുന്നത്.
ജില്ലയിലെ വിവിധ പ്രശ്ന ബാധിത ബൂത്തുകളെ സെൻസിറ്റീവ്, വൾനറബിൾ, ക്രിറ്റിക്കൽ എന്നിങ്ങനെ തരംതിരിച്ചുകൊണ്ട് പോലീസ് തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് സേനയെ വിന്യസിച്ചിരുന്നത്.
പ്രളയാനന്തരം ചെങ്ങന്നൂരിൽ മികച്ച പോളിങ്
ആലപ്പുഴ : പ്രളയാനന്തരം ചെങ്ങന്നൂരിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ താരതമ്യേന മികച്ച പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. പ്രളയം തകർത്തെറിഞ്ഞ പ്രദേശങ്ങളായ പാണ്ടനാട്, തിരുവൻവണ്ടൂർ എന്നിവിടങ്ങളിൽ പതിനൊന്ന് മണിയോട് കൂടി തന്നെ മികച്ച പോളിങ് നടന്നു. ഈ സമയത്ത് 30 ശതമാനം പോളിങാണ് പാണ്ടനാട് ശ്രീവിവേകാനന്ദ ഹയർ സെക്കന്ററി സ്കൂളിൽ രേഖപ്പടുത്തിയത്. മൂന്ന് പോളിങ് ബൂത്തുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത് . രാവിലെ മുതൽ സമ്മതിദായകരുടെ നീണ്ട നിരയാണ് ഇവിടെ അനുഭവപ്പെട്ടത് .
- Log in to post comments