Skip to main content

പെന്‍സില്‍ ക്യാമ്പ്: റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം തുടങ്ങി

 

പെന്‍സില്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കേണ്ട ജില്ലാ തല റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടി ജില്ലയില്‍ ആരംഭിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിശീലന പരിപാടി ഹരിതകേരളം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.പ്രകാശിന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ചു. പെന്‍സില്‍ ക്യാമ്പ് സംസ്ഥാന റിസോഴ്സ് പേഴ്സണ്‍മാരായ കുടുംബശ്രീ മിഷനിലെ ഷിംജിത്ത്.പി.കെ, ജില്‍ന.കെ, രാജീവന്‍.കെ,  കില പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ത്രസി ജെയിംസ്, ബാബു പറമ്പത്ത് , ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ കുര്യാക്കോസ്.സി.എ,  കില കോര്‍ഡിനേറ്റര്‍ പി.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. 
            ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് രണ്ട് പേര്‍ വീതവും, മുനിസിപ്പാലിറ്റികളില്‍ നിന്ന് മൂന്ന് പേര്‍ വീതവും, കോര്‍പ്പറേഷനുകളില്‍ നിന്ന് അഞ്ച് പേര്‍ വീതവുമാണ് ഈ പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്.  വിവിധ കളികള്‍, പാട്ടുകള്‍, ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനുള്ള പരിശീലനം, പുനരുപയോഗ വസ്തുക്കളുടെ നിര്‍മ്മാണം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തും. വടകര, തൂണേരി, കുന്നുമ്മല്‍, തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളിലേയും വടകര, പയ്യോളി, കൊയിലാണ്ടി മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള  പരിശീലനം ഇന്ന് സമാപിക്കും. 
            ബാലുശ്ശേരി, പന്തലായനി, കുന്നമംഗലം, ചേളന്നൂര്‍, കൊടുവള്ളി, കോഴിക്കോട് ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍, കൊടുവള്ളി, മുക്കം, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികള്‍, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ഏപ്രില്‍ 29, 30 തിയ്യതികളിലാണ്പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. 
ഹരിതകേരളം മിഷന്‍, കുടുംബശ്രീ മിഷന്‍, ആരോഗ്യ വകുപ്പ്, കില, ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ 2019 ലെ മധ്യവേനലവധിക്കാലത്ത് ' ആരോഗ്യ രക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം ' എന്ന മുദ്രാവാക്യത്തോടുകൂടി പെന്‍സില്‍ എന്ന പേരില്‍ കുട്ടികള്‍ക്ക് വാര്‍ഡ് തലത്തിലാണ് ദ്വിദിന ക്യാമ്പുകള്‍ നടത്തുന്നത്. 6,7,8,9, ക്ലാസുകളിലെ കുട്ടികളാണ് പെന്‍സില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നത്. 2018 -ലെ അവധിക്കാലത്ത് നടത്തിയ ജാഗ്രതോത്സവത്തിന്റെ തുടര്‍ച്ചയായാണ് പെന്‍സില്‍ ക്യാമ്പുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. പ്രകൃതിസൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ് എന്നതും പൂര്‍ണമായും ഉപയോഗിച്ച് തീര്‍ക്കാം എന്നതുമാണ് പെന്‍സിലിന്റെ സവിശേഷത. മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും  പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുകയും ചെയ്യുന്ന ശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ക്യാമ്പിന് പെന്‍സില്‍ എന്ന് പേരിട്ടത് ഇതിനാലാണ്.

           മാലിന്യങ്ങളെ തരംതിരിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളുടെ അനുഭവമാക്കി മാറ്റുക, പാഴ്വസ്തുക്കള്‍ മാലിന്യമാകുന്ന സാഹചര്യം, മാലിന്യങ്ങളുടെ അളവ് കുറയ്ക്കല്‍, പുനരുപയോഗ സാധ്യതകള്‍, ഇതുമായ് ബന്ധപ്പെട്ട വിവിധ തരം നിയമലംഘനങ്ങള്‍ അവയ്ക്ക് ലഭിക്കാവുന്ന ശിക്ഷകള്‍, അശ്രദ്ധയോടെ ഉള്ളതും അശാത്രീയവുമായ മാലിന്യ പരിപാലനം സൃഷ്ടിക്കുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് കുട്ടികളില്‍ അവബോധം സൃഷിടിക്കുകയും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്ന ശീലം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതിനാണ് ക്യാമ്പുകള്‍ ലക്ഷ്യമിടുന്നത്. 

date