Skip to main content

മലേറിയ ദിനാചരണം

        ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 25 ലോക മലമ്പനി ദിനാചരണത്തോടനുബന്ധിച്ച് എപ്രില്‍ 30-ന് മലമ്പനി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കും. പ്ലാനിങ് സെക്രട്ടറിയേറ്റ് സെമിനാര്‍ ഹാളില്‍ രാവിലെ ഒന്‍പതിനാണ് സെമിനാര്‍.
         മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ്  ദിനാചരണത്തിന്റെ ലക്ഷ്യം. ശുദ്ധ ജലത്തില്‍ വളരുന്ന അനോഫിലസ് പെണ്‍ കൊതുകുകളാണ് രോഗം പരത്തുന്നത്. കടുത്ത പനി, തലവേദന, പേശിവേദന, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വിറയല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. സംസ്ഥാനത്ത് നിന്ന് നിര്‍മാജ്ജനം ചെയ്യപ്പെട്ടിരുന്ന മലമ്പനി ജില്ലയില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ മാത്രമായി 150 ഓളം മലമ്പനി കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രക്ത പരിശോധനയിലൂടെ മാത്രമാണ് രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ. മലമ്പനിക്ക് ഫലപ്രദമായ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്.
രോഗ പ്രതിരോധ മാര്‍ഗങ്ങള്‍
•    രോഗം എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കുക
•    കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍  സുരക്ഷ മാര്‍ഗങ്ങള്‍ ഒരുക്കണം
•    ദേഹം മുഴുവനും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ രാത്രിയില്‍ ഉപയോഗിക്കുക
•    കൊതുക് വല, കൊതുക് തിരി എന്നിവ ഉപയോഗിക്കുക
(എം.പി.എം 1443/2019)
പരിശീലന പരിപാടി തുടങ്ങി
പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അധ്യാപക പരിശീലന പരിപാടിയുടെ  ഭാഗമായി പരിശീലകര്‍ക്കുള്ള അഞ്ചുദിവസത്തെ ക്ലാസ്സ് മഞ്ചേരി യത്തീംഖാന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ജില്ലയില്‍  മൂന്നു ഘട്ടങ്ങളിലായാണ് പരിശീലനം. ഏപ്രില്‍ 26 മുതല്‍ മെയ് രണ്ട് വരെ മഞ്ചേരിയിലും മെയ് മൂന്ന് മുതല്‍ മെയ് എട്ട് വരെ മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളിലുമായി നടക്കും. ഒരു ബാച്ചില്‍ 350 റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് പങ്കെടുക്കുന്നത്. മൂന്നു ബാച്ചിലും കൂടി 1050 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

 

date