Skip to main content

എച്ച്.ഐ.വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിപുലീകരിക്കുന്നു പൊതുജനങ്ങള്‍ക്കിടയിലും പരിശോധനയ്ക്ക് തീരുമാനം

 

സാംക്രമിക രോഗപ്രതിരോധത്തിന്റെ ഭാഗമായി  എച്ച്.ഐ.വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിപുലീകരിക്കാന്‍ തീരുമാനം. എച്ച്.ഐ.വി നിയന്ത്രണ പരിപാടികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനും പദ്ധതികളുടെ ഏകോപനത്തിനുമായി രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. രോഗസാധ്യത കൂടുതലുള്ളവര്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കിടയിലും പരിശോധന നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ആവശ്യമായ എച്ച്.ഐ.വി കിറ്റുകള്‍ ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി. ജയില്‍ അന്തേവാസികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, ലഹരി ഉപയോഗിക്കുന്നവര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്  എന്നിവര്‍ക്കിടയില്‍ എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി സഹകരിച്ച് പരിശോധനയും ബോധവത്ക്കരണവും നടത്തും. സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയാന്‍ ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, സാമൂഹിക നീതി വകുപ്പ്, എക്സൈസ്, പോലീസ് വകുപ്പുകള്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തനം സാധ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ക്കും യോഗത്തില്‍ തീരുമാനമായി. ലൈംഗിക തൊഴിലാളികളുടെ പുനരധി വാസത്തിനായി കുടുംബശ്രീയുമായി സഹകരിച്ച് കൂടുതല്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നത് സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍ദേശിച്ചു. എച്ച്.ഐ.വിയ്ക്ക് പുറമെ ഹെപ്പിറ്റൈറ്റസ് ബി, മലേറിയ പോലുള്ള രോഗങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികളും കൈക്കൊള്ളണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്ട് ഓഫീസര്‍ എന്‍ ഹൈമാവതി, ടെക്നിക്കല്‍ സപ്പോര്‍ട്ട് യൂനിറ്റ് പ്രൊജക്ട് ഓഫീസര്‍ പ്രിന്‍സ്, ജില്ലാ ലീഗല്‍ അതോറിറ്റി സബ് ജഡ്ജ് ആര്‍ മിനി, സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ കെ കൃഷ്ണമൂര്‍ത്തി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മായില്‍, കുടുബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത, സ്റ്റിയറിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഹമീദ് കട്ടുപ്പാറ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രൊജക്ട് മാനേജര്‍മാര്‍, മൈഡ്രേന്റ് സുരക്ഷാ പ്രൊജക്ട് മാനേജര്‍മാര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് പ്രൊജക്ട് മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

date