Skip to main content

അധ്യാപകര്‍ക്കുള്ള ഹൈടെക് പരിശീലനത്തിന്റെ ആദ്യബാച്ചിന് സമാപനം ജില്ലയില്‍ 102 കേന്ദ്രങ്ങളിലായി 2891 അധ്യാപകര്‍ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി

 

സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും കൈറ്റിന്റെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍)  നേതൃത്വത്തില്‍ നാലു ദിവസത്തെ ഐസിടി പരിശീലനം നല്‍കുന്ന പദ്ധതിയുടെ ഒന്നാം ബാച്ച് ജില്ലയില്‍ പൂര്‍ത്തിയായി. പ്രൈമറി-അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ 2891 അധ്യാപകരാണ് 102 പരിശീലന കേന്ദ്രങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കിയത്.
മള്‍ട്ടിമീഡിയാ പ്രസന്റേഷന്‍ തയ്യാറാക്കല്‍, ഇന്റര്‍നെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് ഡിജിറ്റല്‍ വിഭവങ്ങള്‍ ശേഖരിക്കല്‍, ശേഖരിച്ച വിഭവങ്ങള്‍ (ടെക്സ്റ്റ്, ചിത്രം, വീഡിയോ, ശബ്ദം) ഉപയോഗിച്ച് പഠനവിഭവങ്ങള്‍ നിര്‍മ്മിക്കല്‍, ചിത്ര വായന പോലുള്ള ബോധന തന്ത്രങ്ങള്‍ക്കുതകുന്ന തരത്തില്‍ ചിത്രം നിര്‍മ്മിക്കല്‍, ഭാഷാ കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളിലാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത്. 'സമഗ്ര' പഠന വിഭവ പോര്‍ട്ടലിന്റെ ഉപയോഗവും 'സമഗ്ര'യിലേക്ക് പുതുതായി ഡിജിറ്റല്‍ ഉള്ളടക്കം തയ്യാറാക്കലും പാഠാസൂത്രണം പ്രയോജനപ്പെടുത്തലും  പരിശീലനത്തിന്റെ ഭാഗമായിരുന്നു.  രസകരമായ ഇംഗ്ലീഷ് പഠനത്തിന് പ്രയോജനപ്പെടുത്താവുന്ന ആപ്ലിക്കേഷനുകളാണ്  ഇത്തവണ പ്രൈമറി പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓരോ അധ്യാപകനും ഓരു ലാപ്‌ടോപ്പ് എന്ന നിലയില്‍ സ്‌കൂളുകളില്‍ നിലവിലുള്ള 2891 ലാപ്‌ടോപ്പുകള്‍ ഒരേ സമയം പ്രയോജനപ്പെടുത്തി 204 പരിശീലകരെ ഉപയോഗിച്ചാണ് പരിശീലനം നടത്തിയത്. പ്രൈമറി - അപ്പര്‍പ്രൈമറി ക്ലാസുകളിലെ അധ്യാപകരുടെ അടുത്ത ബാച്ചിന്റെ പരിശീലനം  മെയ് രണ്ട്, ഏഴ്, 13 തീയതികളില്‍ നടക്കും. ഹയര്‍ സെക്കന്‍ഡറി - വി.എച്ച്.എസ്.ഇ അധ്യാപകര്‍ക്കുള്ള പരിശീലനം മെയ് 13 മുതലും ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലനം മെയ് 17 മുതലും ആരംഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും കേന്ദ്രവും ബാച്ചും തിരഞ്ഞെടുക്കാന്‍  ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.

എട്ടു മുതല്‍ 12 വരെ ക്ലാസ് മുറികള്‍ ഹൈടെക്കായതിന്റെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഏഴുവരെയുള്ള  ക്ലാസുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കാന്‍  ജില്ലയില്‍ 9580 ലാപ്ടോപ്പുകള്‍, 9580 സ്പീക്കറുകള്‍, 3721 പ്രൊജക്ടറുകള്‍ തുടങ്ങിയവ ജൂണ്‍ മാസം മുതല്‍ ലഭ്യമാക്കുന്ന സാഹചര്യത്തിലാണ് ഫലപ്രദമായ ക്ലാസ്‌റൂം വിനിമയത്തിന് ഐസിടി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അധ്യാപകരെ പ്രാപ്തരാക്കുന്ന വിധത്തിലാണ്  പരിശീലനം ക്രമീകരിച്ചിട്ടുള്ളതെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ ആന്‍ഡ്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

 

date