കൈറ്റ് ഹൈടെക് ; ആദ്യബാച്ച് പരിശീലനം പൂര്‍ത്തിയായി
ജില്ലയില്‍ 18 കേന്ദ്രങ്ങളിലായി 2540 അധ്യാപകര്‍ കൈറ്റ് ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ നാലു ദിവസത്തെ ഐസിടി പരിശീലനം നല്‍കുന്ന പദ്ധതിയുടെ ഒന്നാം ബാച്ചാണ് പൂര്‍ത്തിയായത്. പ്രൈമറി-അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ 2540 അധ്യാപകരാണ്പരിശീലനം പൂര്‍ത്തിയാക്കിയത്.
മള്‍ട്ടിമീഡിയാ പ്രസന്റേഷന്‍ തയ്യാറാക്കല്‍, ഇന്റര്‍നെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് ഡിജിറ്റല്‍ വിഭവങ്ങള്‍ ശേഖരിക്കല്‍, ശേഖരിച്ച വിഭവങ്ങള്‍ (ടെക്സ്റ്റ്, ചിത്രം, വീഡിയോ, ശബ്ദം) ഉപയോഗിച്ച് പഠനവിഭവങ്ങള്‍ നിര്‍മ്മിക്കല്‍, ചിത്ര വായന പോലുള്ള ബോധന തന്ത്രങ്ങള്‍ക്കുതകുന്ന തരത്തില്‍ ചിത്രം നിര്‍മ്മിക്കല്‍, ഭാഷാ കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത്. 'സമഗ്ര' പഠന വിഭവ പോര്‍ട്ടലിന്റെ ഉപയോഗവും സമഗ്രയിലേക്ക് പുതുതായി ഡിജിറ്റല്‍ ഉള്ളടക്കം തയ്യാറാക്കലും പാഠാസൂത്രണം പ്രയോജനപ്പെടുത്തല്‍ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമായിരുന്നു. ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്താവുന്ന ആപ്ലിക്കേഷനുകളായിരുന്നു ഇപ്രാവശ്യത്തെ പരിശീലനത്തിന്റെ പ്രത്യേകത.
ഓരോ അധ്യാപകനും ഓരോ ലാപ്ടോപ്പ് എന്ന നിലയില്‍ സ്‌കൂളുകളില്‍ നിലവിലുള്ള 2540 ലാപ്ടോപ്പുകള്‍ ഒരേ സമയം പ്രയോജനപ്പെടുത്തി 182 പരിശീലകരെ ഉപയോഗിച്ചാണ് പരിശീലനം നടത്തിയത്. പ്രൈമറി- അപ്പര്‍പ്രൈമറിയുടെ അടുത്ത ബാച്ചുകള്‍ മെയ് 2, 7, 13 തീയതികളില്‍ നടക്കും. ഹയര്‍ സെക്കന്ററി - വി.എച്ച്.എസ്.ഇ അധ്യാപകര്‍ക്കുള്ള പരിശീലനം മെയ് 13 മുതലും ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലനം മെയ് 17 മുതലും ആരംഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും ഓണ്‍ലൈനായി കേന്ദ്രവും ബാച്ചും തിരഞ്ഞെടുക്കാന്‍ കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്.
8 മുതല്‍ 12 വരെ ക്ലാസ് മുറികള്‍ ഹൈടെക്കായതിന്റെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കാന്‍ കോഴിക്കോട് ജില്ലയില്‍ 5994 ലാപ്‌ടോപ്പുകള്‍, 5994 സ്പീക്കറുകള്‍, 2545 പ്രൊജക്ടറുകള്‍ ,353 ടെലിവിഷന്‍, 564 പ്രിന്റര്‍ തുടങ്ങിയവ ജൂണ്‍ മാസം മുതല്‍ ലഭ്യമാക്കുന്ന സാഹചര്യത്തിലാണ് ഫലപ്രദമായ ക്ലാസ്റൂം വിനിമയത്തിന് ഐസിടി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അധ്യാപകരെ പര്യാപ്തമാക്കുന്ന വിധം പരിശീലനം ക്രമീകരിച്ചിട്ടുള്ളതെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഫോണ്‍ - 9447089009.
- Log in to post comments