Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധം; ജില്ലയില്‍  മുന്നൊരുക്കങ്ങള്‍  ഊര്‍ജ്ജിതം  

 

 

വേനല്‍മഴയിലും  തുടര്‍ന്ന് കാലവര്‍ഷത്തിലും സാംക്രമിക രോഗങ്ങളുണ്ടാകുന്നത് തടയാന്‍ കോട്ടയം ജില്ലയില്‍ ഊര്‍ജ്ജിതമായ പ്രതിരോധ മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമായി. മഴക്കാല പൂര്‍വ്വ തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍നടപടികള്‍ക്ക് രൂപംനല്‍കുകയും ചെയ്തു.  ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അധ്യക്ഷനായി. 

 

വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്നത് ഒഴിവാക്കാനും പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി ഒരു വാര്‍ഡിന് പതിനായിരം രൂപ വീതം വിനിയോഗിക്കാവുന്നതാണ്. പഞ്ചായത്ത് ഫണ്ടില്‍നിന്നും തുക വിനിയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുറയ്ക്ക് ശുചിത്വമിഷന്‍ ഫണ്ട് ലഭ്യമാക്കും. 

 

കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സുള്ള ടാങ്കറുകള്‍ക്ക് മാത്രമാണ് വെള്ളം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ശുദ്ധജല സ്രോതസില്‍ നിന്നുള്ള വെള്ളമാണ്  വിതരണം ചെയ്യുന്നതെന്ന് ഉറപ്പു  വരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ തുടരും.   ജല പരിശോധനയ്ക്കുള്ള സൗകര്യം വിപുലീകരിക്കും. പരിശോധന സൗജന്യ നിരക്കിലാക്കാനും  നടപടിയെടുക്കും. 

 

ഹോട്ടലുകളിലും തട്ടുകടകളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമേ ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന തുടരും. ഗുണനിലവാരമില്ലാത്ത  ചേരുവകളും വെള്ളവും ഉപയോഗിക്കുകയും  മതിയായ സൗകര്യവും  വൃത്തിയും ഇല്ലാതെ പാചകം നടത്തുകയും വിളമ്പുകയും ചെയ്യുന്ന ഭക്ഷണ ശാലകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. 

നോട്ടീസ് നല്‍കിയിട്ടും ഗുണനിലവാരം ഉറപ്പാക്കാന്‍  തയ്യാറാകാത്ത  സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്യാനും പ്രവര്‍ത്തനം നിരോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

 

    എലിപ്പനി പോലുള്ള ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍  കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കും. വീടുകളിലും തോട്ടങ്ങളിലും എലികളെ  നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍  പൊതുജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കും. കന്നുകാലിത്തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. 

 

   അധ്യയന വര്‍ഷാരംഭത്തിനു മുന്‍പേ ജില്ലയിലെ സ്‌കൂളുകളില്‍ മതിയായ ടോയ്‌ലെറ്റ് സൗകര്യമുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉറപ്പാക്കണം. വൃത്തിഹിനവും പൊട്ടിപ്പൊളിഞ്ഞതുമായ ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തണം. ശോച്യാവസ്ഥയിലുള്ള ടോയ്‌ലറ്റുകള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് പൊളിച്ചു മാറ്റി, പുതിയവ നിര്‍മിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കും. 

 

സ്‌കൂളുകളിലെ പാചകപ്പുര, ഭക്ഷണം തയ്യാറാക്കുന്ന പാത്രങ്ങള്‍, ഹരിതചട്ട പാലനം എന്നിവയും പരിശോധനാ വിധേയമാക്കും. 

പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികള്‍, ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍, മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരമേഖലകള്‍ എന്നിവിടങ്ങളിലെ   കുടിവെള്ളത്തിന്റെ ലഭ്യത, പരിസരശുചിത്വം എന്നിവ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തില്‍ ഉറപ്പു വരുത്തണം.

 

  ജില്ലയിലെ എല്ലാ മത്സ്യത്തൊഴിലാളി ഭവനങ്ങളിലും  ടോയ്‌ലെറ്റുകള്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ഇല്ലാത്ത വീടുകള്‍ക്ക് ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിനു വേണ്ട പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ശുചിത്വം ഉറപ്പു വരുത്തിയിട്ടുളളതായി റെയില്‍വേ പ്രതിനിധി യോഗത്തില്‍ അറിയിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരുടെ സഹകരണത്തോടെ റെയില്‍വേ ശുചിത്വ ബോധവത്കരണം നടത്തിവരികയാണ്. കോട്ടയം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ പൊതുജന സമ്പര്‍ക്ക പരിപാടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

 

മഴക്കാല രോഗപ്രതിരോധ നടപടികള്‍ക്ക് ജില്ലയില്‍ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ചതായി ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. ഹോസ്റ്റലുകളിലും ഹോട്ടലുകളിലും പരിശോധനകളും റബ്ബര്‍ തോട്ടങ്ങളിലും വീടുകളിലും കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു

ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ആര്‍. രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഴക്കാലപൂര്‍വ്വ  മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് തദ്ദേശ സ്ഥാപന അധ്യക്ഷ•ാരുടെ യോഗം മെയ് ആദ്യവാരത്തില്‍ ചേരും.  

date