ഉരുള്‍പൊട്ടല്‍ എങ്ങനെ പ്രതിരോധിക്കാം- സെമിനാര്‍ സംഘടിപ്പിച്ചു
ജില്ലയില്‍ ഉരുള്‍പൊട്ടല്‍ പോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ മറികടക്കുന്നതിനായി ഉദ്യോഗസഥര്‍ക്ക് ഉരുള്‍പൊട്ടല്‍ ദുരന്തനിവാരണ പരിശീലന സെമിനാര്‍ സംഘടിപ്പിച്ചു. റെഡ് ആര് ഇന്ത്യ, എന്‍. എസ്.ഇ ഫൗണ്ടേഷന്, ജിയോ ഹസാര്‍ഡ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവ സംയുകതമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി പ്രൊഫ. സരുണ്‍, കേരള യൂണിവേഴ്സിറ്റി പ്രൊഫസര്‍ വിനീത കേരള യൂണിവേഴ്സിറ്റി എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളും നടപടികളും സെമിനാറില്‍ ചര്‍ച്ച ചെയ്തു. രണ്ട് സെഷനുകളിലായി നടന്ന പരിപാടിയില്‍ തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷം ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശം സന്ദര്‍ശിച്ചു.
എന്താണ് ഉരുള്‍പൊട്ടല്‍
കനത്ത മഴ പെയ്യുമ്പോള്‍ സംഭരണശേഷിയില്‍ കൂടുതല്‍ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗര്‍ഭ ജലത്തിന്റെ അളവു കൂടുന്നതിനുസരിച്ച് മണ്ണിനിടയില്‍ മര്‍ദ്ദം വര്‍ധിക്കുന്നു. മര്‍ദ്ദത്തിന്റെ ഫലമായി ശക്തിയായി ജലം പുറത്തേക്ക് ഒഴുകും. ഇതിനൊപ്പം ഇളകിയ മണ്ണും പാറകളും കടപുഴകിയ മരങ്ങളും ഒഴുകും. ഒഴുകുന്ന വഴികളിലെ വീടുകളും കൃഷിസ്ഥലങ്ങളും നശിക്കും.
കാരണങ്ങള്‍
മനുഷ്യന്റെ അശാസ്ത്രീയമായ പ്രകൃതിയോടുള്ള ഇടപെടലാണ് ഉരുള്‍പൊട്ടലിന് പ്രധാന കാരണം. കേരളത്തില്‍ 95 ശതമാനവും ഉരുള്‍പൊട്ടല്‍ മനുഷ്യനിര്‍മ്മിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വനനശീകരണം അശാസ്ത്രീയമായ വനവല്‍ക്കരണവും ഉരുള്‍ പൊട്ടലിനു കാരണമാകുന്നു.പാറകളില്‍ ഉണ്ടാകുന്ന വിള്ളലുകള്‍, മരങ്ങളും പാറകളും മണ്ണും സ്വാഭാവികമായ അവസ്ഥയില്‍ നില്‍ക്കാത്ത അവസ്ഥ, മണ്ണുകളുടെയും മരങ്ങളുടെയും വഴുതിപ്പോക്ക്, കല്ലുകളുടെ ബലഹീനത, ചെങ്കുത്തായ സ്ഥലങ്ങള്‍ എന്നിവ മഴക്കാലങ്ങളില്‍ ഉരുള്‍പൊട്ടലിന് കാരണമാകുന്നു.
പ്രതിവിധികള്‍
• മലയോര പ്രദേശങ്ങളില്‍ അഴുക്ക് ചാലുകള്‍ രൂപീകരിക്കുക,
• നഷ്ടപ്പെട്ടു പോയ മരങ്ങള്‍ വീണ്ടെടുക്കുക,
• പുല്‍മേടുകള്‍ നശിപ്പിക്കാതിരിക്കുക,
• ബോധവല്‍ക്കരണം നല്‍കുക, സുസ്ഥിര വികസനം നടപ്പാക്കുക,
• പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ മരങ്ങള്‍ വെച്ചുപിടിപ്പിക്കുക.
• ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിര്‍മാണങ്ങള്‍ കരുതലോടെ നടത്തുക.
• ഇത്തരം പ്രദേശങ്ങളില്‍ മഴക്കാലത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക
- Log in to post comments