ലോകസഭ തെരഞ്ഞെടുപ്പ് : ജില്ലയില്‍ 592 പോസ്റ്റല്‍ വോട്ടുകള്‍ എത്തി
ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ ശേഷിക്കെ ജില്ലയില്‍ 592 പോസ്റ്റല്‍ വോട്ടുകള്‍ എത്തി. 416 സൈനികരുടെ സര്‍വ്വീസ് വോട്ടും 176 സര്‍ക്കാര്‍ ജീവനക്കാരുടെ പോസ്റ്റല്‍ വോട്ടുകളുമാണ് ഇതുവരെ ജില്ലാ വരണാധികാരിക്കു മുന്‍പാകെ എത്തിയിട്ടുള്ളത്. ജില്ലയിലെ ആകെ 1350 സര്‍വ്വീസ് വോട്ടുകളില്‍ 416 എണ്ണമാണ് ഇന്നലെ വരെ വരണാധികാരിക്ക് ലഭിച്ചത്. ഇതില്‍ 267 വോട്ടുകള്‍ മലപ്പുറം മണ്ഡലത്തിലും 149 എണ്ണം പൊന്നാനി മണ്ഡലത്തിലേതുമാണ്.
മലപ്പുറം പൊന്നാനി മണ്ഡലങ്ങളില്‍ നിന്നായി ലഭിക്കേണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ 2829 പോസ്റ്റല്‍ വോട്ടുകളില്‍ 176 എണ്ണമാണ് ലഭിച്ചത്. മലപ്പുറം മണ്ഡലത്തിലെ ആകെ 1859 പോസ്റ്റല്‍ വോട്ടുകളില്‍ 108 വോട്ടുകളും പൊന്നാനി മണ്ഡലത്തിലെ 970 പോസ്റ്റല്‍ വോട്ടുകളില്‍ 68 എണ്ണവുമാണ് ഇതുവരെയായി ലഭിച്ചത്. പോസ്റ്റല്‍ ബാലറ്റ് മെയ് 23 ന് രാവിലെ എട്ട് മണി വരെയാണ് ജില്ലാ വരണാധികാരി സ്വീകരിക്കുക.
കൂടാതെ ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ട 5576 ഉദ്യോസ്ഥര്‍ ഡ്യൂട്ടിലുള്ള പോളി ങ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മലപ്പുറം മണ്ഡലത്തില്‍ 3254 പേരും പൊന്നാനി മണ്ഡലത്തില്‍ 2322 പേരുമാണ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അവരവരുടെ ഡ്യൂട്ടി സ്ഥലത്തെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.
വരണാധികാരിയുടെയോ ഉപവരണാധികരായുടെയോ ഓഫീസുകളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വിതരണ കേന്ദ്രത്തിലെ സൗകര്യം ഉപയോഗിക്കുകയോ താപാല്‍ മാര്‍ഗം അയക്കുകയോ ചെയ്യാം. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണിക്കാണ് തപാല്‍ വകുപ്പ് പോസ്റ്റല്‍ ബാലറ്റ് ജില്ലാ വരണാധികാരിക്ക് എത്തിക്കുക. ദിവസവും ഇത് എണ്ണി തിട്ടപ്പെടുത്തി കമ്മീഷനെ അറിയിക്കും. ഇവ നിരീക്ഷിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും സൗകര്യമൊരുക്കുകയും ചെയ്യും.
- Log in to post comments